വിവാദങ്ങള്‍ക്കിടയിലും 100 കോടി കടന്ന് ദി കേരള സ്റ്റോറി

വിവാദങ്ങള്‍ക്കിടയിലും 100 കോടി കടന്ന് ദി കേരള സ്റ്റോറി

വിവാദങ്ങള്‍ക്കിടയിലും 100 കോടി കടന്ന് ദി കേരള സ്റ്റോറി. ഇപ്പോള്‍ 113 കോടിയും കടന്ന് ആദാ ശര്‍മ്മയുടെ ദി കേരള സ്റ്റോറി ബോക്സ് ഓഫീസില്‍ ശക്തമായി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ 93.7 കോടിയിലധികം വാരിക്കൂട്ടിയതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം 2023 മെയ് അഞ്ചിന് പുറത്തിറങ്ങിയതിനു മുന്‍പും ശേഷവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.

ആദ്യ ആഴ്ചയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയില്‍ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കണക്കാണിത്. ആകെ 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.
ഒന്നാമത് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ആണ്. തു ജൂതി മെയിന്‍ മക്കാര്‍, കിസികാ ഭായ് കിസികി ജാന്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര നിരൂപണങ്ങള്‍ നേടിയ ചിത്രം രാജ്യത്തുടനീളം കോളിളക്കം സൃഷ്ടിച്ചു കഴിഞ്ഞു.
ചിത്രം നിരവധി വിവാദങ്ങളില്‍ അകപ്പെട്ടതിനാല്‍ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സിനിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും സിനിമയ്ക്ക് പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് യുവതികളെ മതപരിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്‌ഐഎസ്) കടത്തുകയും ചെയ്ത കഥയാണ് കേരള സ്റ്റോറിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണയും ചിത്രത്തിനുണ്ട്.
ആദാ ശര്‍മ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.