കര്‍ണാടക മുഖ്യമന്ത്രി പദം ഉറപ്പിച്ച് സിദ്ധരാമയ്യ; വൈകാതെ പ്രഖ്യാപനമുണ്ടാകും

കര്‍ണാടക മുഖ്യമന്ത്രി പദം ഉറപ്പിച്ച് സിദ്ധരാമയ്യ; വൈകാതെ പ്രഖ്യാപനമുണ്ടാകും

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് ഡി.കെ ശിവകുമാര്‍.

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി.

സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ ആര് മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടന്നിരുന്നു. ഡല്‍ഹിയിലെത്തിയ ഡി.കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് പറഞ്ഞ ഡി.കെ ശിവകുമാര്‍ താന്‍ രാജി ഭീഷണി മുഴക്കിയെന്ന പ്രചാരണം അസംബന്ധമാണെന്നും വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും മല്ലികാര്‍ജുന ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെയാണ് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. 135 എം.എല്‍.എമാരില്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന് കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാലയും കേന്ദ്ര നിരീക്ഷകരും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എഴുപത്തഞ്ചുകാരനായ സിദ്ധരാമയ്യക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വര്‍ഷം അവസരം നല്‍കാനാണ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നത്.

കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടറും വിശ്വസ്തനുമായ ശിവകുമാറിനെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കിയാല്‍ ഇ.ഡി കേസുകളും അഴിമതി ആരോപണങ്ങളും കേന്ദ്രം കുത്തിപ്പൊക്കുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. ശിവകുമാറിന്റെ ശത്രുവും കര്‍ണാടക ഡിജിപിയുമായിരുന്ന പ്രവീണ്‍ സൂദിനെ കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറാക്കിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.