9/11 നു ശേഷം ന്യൂയോര്‍ക്കിനെ ഞെട്ടിച്ച ഭീകരാക്രമണത്തിലെ പ്രതിക്ക് 260 വര്‍ഷം തടവുശിക്ഷ

9/11 നു ശേഷം ന്യൂയോര്‍ക്കിനെ ഞെട്ടിച്ച ഭീകരാക്രമണത്തിലെ പ്രതിക്ക് 260 വര്‍ഷം തടവുശിക്ഷ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ഭീകരാക്രമണക്കേസ് പ്രതിക്ക് പത്ത് ജീവപര്യന്തവും 260 വര്‍ഷം തടവും ശിക്ഷ വിധിച്ച് കോടതി. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ സെയ്ഫുള്ള സായ്പോവ് എന്ന 35 വയസുകാരനാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി വെര്‍നോണ്‍ ബ്രോഡറിക് ശിക്ഷ വിധിച്ചത്. ഇയാള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയാണ്.  കോടതി വിധി പ്രകാരം മരണം വരെ ജയിലിൽ കഴിയേണ്ടി വരും.

2001 സെപ്റ്റംബര്‍ 11-ന്
വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷം ന്യൂയോര്‍ക്കില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

2017-ലെ ഹാലോവീന്‍ സായാഹ്നത്തില്‍ മാന്‍ഹാട്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാടകയ്‌ക്കെടുത്ത ട്രക്ക് ഉപയോഗിച്ചായിരുന്നു സെയ്ഫുള്ള സായ്‌പോവ് ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗത്വം ലഭിക്കാനായാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആക്രമണ സമയത്ത് ഇയാള്‍ മതമുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ട്രക്കില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തി. അടിവയറ്റില്‍ വെടിയേറ്റ സെയ്ഫുള്ളയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുന്‍പ് ആക്രമണത്തിന് ഇരയായ ഇരുപതോളം പേരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ജഡ്ജി വെര്‍നോണ്‍ ബ്രോഡറിക്കിന് മുന്നില്‍ സംസാരിച്ചു. വിചാരണയ്ക്കിടെ പശ്ചാത്താപമൊന്നും പ്രകടിപ്പിക്കാത്ത പ്രതി കോടതിയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പുകഴ്ത്തുകയും ചെയ്തു.

കൊളറാഡോയിലെ ഉയര്‍ന്ന സുരക്ഷയുള്ള 'സൂപ്പര്‍മാക്സ്' ജയിലില്‍ പ്രതിയെ തടവിലാക്കുമെന്നാണു സൂചന. ഇവിടെ ജനലുകളില്ലാത്ത സെല്ലുകളില്‍ തടവുകാര്‍ 24 മണിക്കൂറും ഏകാന്തമായി കഴിയുകയാണ്.

'ഈ ദുഷ്ടനായ കൊലയാളി നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നാണ് ആക്രമണത്തിന് ഇരയായ നിക്കോളാസ് ക്ലീവ്സിന്റെ അമ്മ മോണിക്ക മിസിയോ പറഞ്ഞത്. തന്റെ മകന്‍ ഒരിക്കലും ഉണരാത്തപ്പോള്‍ പ്രതി എല്ലാ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് തന്നെ അസ്വസ്ഥമാക്കുന്നതായി ആ അമ്മ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ അമേരിക്കക്കാരും അഞ്ച് പേര്‍ അര്‍ജന്റീനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുമാണ്. നഗരം സന്ദര്‍ശിക്കാനെത്തിയ ബെല്‍ജിയത്തില്‍ നിന്നുള്ള 31 കാരിയും കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.