ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച് ചുഴലിക്കാറ്റ്: നാലുപേര്‍ക്ക് പരിക്ക്; നൂറിലധികം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു

ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച് ചുഴലിക്കാറ്റ്: നാലുപേര്‍ക്ക് പരിക്ക്; നൂറിലധികം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു

കോട്ടയം: ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. കാറ്റില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. ആറ് വീടുകള്‍ക്കും മുരക്കോലി അങ്കണവാടിക്കും കേടുപാടുകള്‍ സംഭവിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. ഈരാറ്റുപേട്ട, കൊണ്ടൂര്‍, തലപ്പാലം വില്ലേജുകളിലാണ് വ്യാപക നാശഷ്ടമുണ്ടായിരിക്കുന്നത്. ഈരാറ്റുപേട്ട മുട്ടം കവലയ്ക്ക് സമീപം തേക്കുമരം കടപുഴകി വീണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഹാറൂണ്‍, യാത്രക്കാരനായ കാരയ്ക്കാട് മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഇസ്മായിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാപാര സ്ഥാപനങ്ങളുടെ ഫ്ളെക്സ് ബോര്‍ഡുകളും കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകളും കാറ്റില്‍ തകര്‍ന്നു വീണു. ശക്തമായ കാറ്റില്‍ പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി റോഡുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മരങ്ങള്‍ക്കൊപ്പം വൈദ്യുത തൂണുകളും മറിഞ്ഞു വീണതിനാല്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തിയതിന് ശേഷമാണ് മരം മുറിച്ച് നീക്കിയത്.

ഈരാറ്റുപേട്ട ടൗണില്‍ രാത്രി ഏറെ വൈകിയും വൈദ്യുതി പുനസ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. നൂറിലധികം പോസ്റ്റുകള്‍ തകര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി പൂര്‍ണമായും പുനസ്ഥാപിക്കുന്നതിനായി രണ്ട് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.