മാനനഷ്ടക്കേസ്: നേരിട്ട് ഹാജരാകാനുള്ള ഉത്തരവിനെതിരെ രാഹുല്‍ ഹൈക്കോടതില്‍

മാനനഷ്ടക്കേസ്: നേരിട്ട് ഹാജരാകാനുള്ള ഉത്തരവിനെതിരെ രാഹുല്‍ ഹൈക്കോടതില്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള ജാര്‍ഖണ്ഡ് കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഈ മാസം 22 ന് റാഞ്ചിയിലെ പ്രത്യേക എംപി, എംഎല്‍എ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കായി രാഹുല്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.

2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതു റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷകനായ പ്രദീപ് മോഡി റാഞ്ചിയില്‍ പരാതി നല്‍കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, 'നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി.. അവര്‍ക്കെല്ലാം എങ്ങനെയാണ് മോഡി എന്ന പൊതുനാമം ഉണ്ടായത്? എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോഡി എന്ന പൊതുനാമം ഉണ്ടായത്?' എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്.

പരാമര്‍ശം മോഡിയുടെ കുടുംബപ്പേരുള്ള എല്ലാ വ്യക്തികള്‍ക്കും എതിരാണെന്നും അവഹേളനപരവും അപകീര്‍ത്തികരവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഹരജിക്കാരന്‍ കോണ്‍ഗ്രസ് നേതാവിനെതിരെ മാനനഷ്ടക്കേസും നല്‍കിയിരുന്നു. ജാര്‍ഖണ്ഡില്‍ ചൈബാസയിലും റാഞ്ചിയിലുമായി രാഹുലിനെതിരെ മൂന്ന് മാനനഷ്ടക്കേസുകള്‍ നിലവിലുണ്ട്.

അതേസമയം ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോഡി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഗുജറാത്ത് കോടതി രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.