ബംഗളൂരു: മന്ത്രിസഭ വികസനം സംബന്ധിച്ച് ചര്‍ച്ചക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് വീണ്ടും ഡല്‍ഹിക്ക് പുറപ്പെടും. മന്ത്രിമാരുടെ അന്തിമ പട്ടികയില്‍ തീര്‍പ്പാക്കാന്‍ ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കൂടാതെ എട്ടു മന്ത്രിമാര്‍ മാത്രമാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
34 മന്ത്രിസ്ഥാനങ്ങളുള്ള കര്‍ണാടക സര്‍ക്കാറില്‍ സീനിയോറിറ്റിക്ക് പുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക. ലിംഗായത്തില്‍നിന്ന് 37 ഉം എസ്‌സി- എസ്ടി വിഭാഗങ്ങളില്‍ നിന്ന് 35 ഉം എംഎല്‍എമാരാണ് കോണ്‍ഗ്രസിലുള്ളത്. ഈ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും മന്ത്രിസഭ വികസനം.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ കൂടിക്കാഴ്ചയില്‍ 42 പേരുടെ ആദ്യപട്ടികയില്‍ നിന്ന് 28 പേരുടെ പട്ടിക തയാറാക്കിയിരുന്നു. എന്നാല്‍, അന്തിമ നിമിഷം എട്ടുപേരെ മാത്രം ശനിയാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഉള്‍പ്പെടുത്തിയ നേതൃത്വം ബാക്കി പട്ടികയില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മലയാളിയായ കെ.ജെ. ജോര്‍ജിനെയും മുസ്‌ലിം സമുദായത്തില്‍നിന്ന് സമീര്‍ അഹമ്മദിനെയും ലിംഗായത്ത് വിഭാഗത്തില്‍നിന്ന് എം.ബി. പാട്ടീലിനെയും ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എം.ബി. പാട്ടീലിന് പുറമെ ലിംഗായത്ത് പ്രതിനിധികളായി ജഗദീഷ് ഷട്ടാറിനെയും ലക്ഷ്മണ്‍ സവാദിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.
ഷട്ടാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എംഎല്‍സിയാക്കി നാമനിര്‍ദേശം ചെയ്തു സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ലിംഗായത്ത് വിഭാഗത്തില്‍നിന്ന് ചുരുങ്ങിയത് എട്ടുപേര്‍ക്കെങ്കിലും മന്ത്രിപദവി ലഭിച്ചേക്കും. മലയാളികളായ യു.ടി. ഖാദറും എന്‍.എ. ഹാരിസും പട്ടികയിലുണ്ട്.
ആര്‍.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, എച്ച്.കെ. പാട്ടീല്‍, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, ചലുവരായ സ്വാമി, തന്‍വീര്‍സേട്ട്, ബി.കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഞായറാഴ്ച മന്ത്രി പട്ടികയില്‍ തീരുമാനമായാലും ബുധനാഴ്ച നിയമസഭ സമ്മേളനം സമാപിച്ച ശേഷമേ പ്രഖ്യാപനം വരാന്‍ സാധ്യതയുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.