ന്യൂഡല്‍ഹി: അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവിയില്‍ നിന്നുള്ള പലായനം തുടരുന്നതായാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക സാറാ ജേക്കബാണ് ചാനല്‍ വിട്ടത്. എന്‍ഡിടിവിയുടെ പ്രൈംടൈം അവതാരകയും ജനപ്രിയ ഷോയായ 'വീ ദ പീപ്പിള്‍' അവതാരകയുമായ സാറാ ജേക്കബ്‌സ് ബുധനാഴ്ച രാജി സമര്‍പ്പിച്ചതിലൂടെ 20 വര്‍ഷത്തെ സേവനമാണ് അവസാനിപ്പിച്ചത്.
രാജിയെ കുറിച്ച് അവര്‍ ട്വിറ്ററില്‍ ഇങ്ങനെയാണ് കുറിച്ചത്: 'ഇന്നലെ രാത്രി ഞാന്‍ എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ചു. ഇന്ത്യയിലെ മഹത്തായ മാധ്യമ സ്ഥാപനങ്ങളിലൊന്ന് കെട്ടിപ്പടുത്തതിന് ഡോ. പ്രണവ് റോയിക്കും രാധികാ റോയിക്കും നന്ദി.
രണ്ട് പതിറ്റാണ്ടിലേറെയായുള്ള എന്റെ സഹപ്രവര്‍ത്തകര്‍ക്ക്, ഓര്‍മകള്‍ക്ക് നന്ദി. 2001 മുതല്‍ 2023 വരെയുള്ള എന്‍ഡിടിവി ജീവിതം മികച്ചതായിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നിന്ന് എന്റെ സ്വന്തം ഷോയില്‍ വരെ എത്തി. എന്‍ഡിടിവി എനിക്ക് നല്‍കിയതിനെല്ലാം നന്ദി.
എന്റെ കാഴ്ചക്കാര്‍ക്കും പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും പ്രത്യേക നന്ദി. സ്വയം മെച്ചപ്പെടുത്തുകയും ആത്മപരിശോധന നടത്തുകയും പഠിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ സഹായിച്ചു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ സത്യസന്ധരാക്കി നിര്‍ത്തുന്നു. 'വീ ദ പീപ്പിള്‍' എന്ന എന്റെ ഷോ എനിക്ക് മിസ് ചെയ്യും. ഈ ഷോയുടെ ചുമതലയേറ്റെടുക്കുന്നവര്‍ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പറഞ്ഞുവെച്ചത്.
മറ്റൊരു മുതിര്‍ന്ന അവതാരകനായ രവിഷ് കുമാറും എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ചു. മാധ്യമ പ്രവര്‍ത്തകരായ പ്രണോയി റോയിയും രാധിക റോയിയും ചേര്‍ന്നു 1984ല്‍ ആണ് എന്‍ഡിടിവി സ്ഥാപിക്കുന്നത്. ദൂരദര്‍ശനിലെ വേള്‍ഡ് ദിസ് വീക്ക് എന്ന പരിപാടിയിലൂടെ എന്‍ഡിടിവി ടെലിവിഷന്‍ രംഗത്ത് തരംഗമായി.
ദൂരദര്‍ശനിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്കും അവലോകനങ്ങള്‍ക്കും എന്‍ഡിടിവി ചുമതല വഹിച്ചു. ബിബിസിക്കായി ഇന്ത്യയിലെ പരിപാടികള്‍ തയ്യാറാക്കുന്ന ചുമതലയും എന്‍ഡിടിവിക്ക് ലഭ്യമായി. 1998ല്‍ ആദ്യ 24 മണിക്കൂര്‍ വാര്‍ത്ത ചാനല്‍ സ്റ്റാര്‍ ഇന്ത്യയുമായി ചേര്‍ന്ന് ആരംഭിച്ചെങ്കിലും പിന്നീട് സ്റ്റാറുമായുള്ള ബന്ധം ഉപേക്ഷിച്ച് എന്‍ഡിടിവി ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്ത ചാനലുകള്‍ 2003ല്‍ തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v