മണിപ്പൂര്‍ കലാപം: ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമോ?

മണിപ്പൂര്‍ കലാപം: ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമോ?

ഇംഫാല്‍: 2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ നടത്തിയ അന്വേഷണം. മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളും വിശകലനം ചെയ്യപ്പെടുന്നു.

മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതല്‍ മണിപ്പൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 1700 ല്‍ പരം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെടുകയും, 220 ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും 45000 ലേറെ പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് എന്ന് സ്ഥാപിക്കും വിധത്തിലാണ് റിപ്പോര്‍ട്ടുകളും വിവരണങ്ങളും ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, സൂക്ഷ്മമായ നിരീക്ഷണത്തില്‍ മണിപ്പൂരിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ചില ഘടകങ്ങളും സ്വാധീനങ്ങളും ഏറ്റവും പുതിയ സംഭവ വികാസങ്ങളില്‍ തിരിച്ചറിയാന്‍ കഴിയും. മണിപ്പൂരിലെ ചെറുതും വലുതുമായ വിവിധ വംശങ്ങളുടെ ചരിത്രവും രീതികളും മനസിലാക്കിയാല്‍ മാത്രമേ ഇപ്പോള്‍ സംഭവിക്കുന്നതെന്തെന്ന് വ്യക്തമാകൂ.

മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങള്‍

മുമ്പും മണിപ്പൂരിന്റെ മണ്ണ് പലപ്പോഴായി നിരവധി വംശീയ ലഹളകളും പോരാട്ടങ്ങളും കണ്ടിട്ടുള്ളതാണ്. വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പലതരം പ്രശ്‌നങ്ങള്‍ കാലങ്ങളായി നിലനിന്നിരുന്നു. പ്രമുഖ ഗോത്രങ്ങള്‍ തമ്മില്‍ കഴിഞ്ഞ കാലങ്ങള്‍ക്കിടയില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പലപ്പോഴായി ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വംശീയതയും സ്വത്വവും നിലനില്‍പ്പും സംബന്ധിച്ച ആശങ്കകളാണ് എല്ലാ പോരാട്ടങ്ങള്‍ക്കും പിന്നില്‍. ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായിരുന്നു മുന്‍കാലങ്ങളിലെ പോരാട്ടങ്ങള്‍ക്ക് കാരണമെങ്കില്‍, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ചില വിഭാഗങ്ങള്‍ ഭരണകൂടത്തിനെതിരെയും തിരിഞ്ഞു.

1964 മുതല്‍ ഇങ്ങോട്ട് പലപ്പോഴായി നിരവധി വിഘടനവാദ സംഘടനകള്‍ മണിപ്പൂരില്‍ രൂപംകൊണ്ടിട്ടുണ്ട്. മണിപ്പൂരിലെ വരേണ്യ വര്‍ഗമായി ഗണിക്കപ്പെട്ടിരുന്ന മെയ്‌തെയി വിഭാഗത്തില്‍ നിന്ന് രൂപപ്പെട്ടവയാണ് മിക്കതും. മണിപ്പൂര്‍ 1949 ഓടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയത്. എന്നാല്‍ സംസ്ഥാന പദവി ലഭിക്കുന്നത് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. സ്വന്തം സംസ്‌കാരവും സ്വത്വവും സംരക്ഷിക്കാന്‍ സ്വന്തം രാജ്യം വേണമെന്ന തീവ്ര നിലപാടാണ് മെയ്‌തെയികള്‍ക്ക് ഉണ്ടായിരുന്നത് എന്നതിനാല്‍, അവരില്‍ ഒരു വിഭാഗം ആരംഭം മുതലേ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരുന്നു.

അത്തരത്തില്‍ ആദ്യമായി, 1964 ല്‍ മെയ്‌തെയികള്‍ക്കിടയില്‍ നിന്ന് രൂപംകൊണ്ട സംഘടനയായിരുന്നു യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന് ശേഷം രൂപം കൊണ്ട റവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂര്‍ എന്ന സായുധ സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന എന്‍.ബിശേശ്വര്‍ സിങ് നക്‌സലേറ്റ് സ്വാധീനം ഉള്‍ക്കൊണ്ടുകൊണ്ട് 1978 ല്‍ ആരംഭിച്ചതാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (മണിപ്പൂര്‍). ബംഗ്ലാദേശിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമുക്തിയായിരുന്നു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രഖ്യാപിത ലക്ഷ്യം. സായുധ സമരമാണ് സ്വതന്ത്ര്യത്തിനുള്ള മാര്‍ഗ്ഗമായി അവര്‍ സ്വീകരിച്ചത്. പി.എല്‍.എ യ്ക്ക് ശേഷവും നിരവധി സായുധ സംഘങ്ങള്‍ മെയ്‌തെയി സമൂഹത്തില്‍ നിന്ന് രൂപംകൊണ്ടു.

മണിപ്പൂരിലെ ആഭ്യന്തര കലാപത്തെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന ഒരു സംഭവമായിരുന്നു 2004 ലെ തങ്ജം മനോരമയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളും. പിഎല്‍എ പ്രവര്‍ത്തകയും സ്ഫോടക വസ്തു വിദഗ്ധയും എന്ന് ആരോപിച്ച് 2004ല്‍ അസം റൈഫിള്‍സ് പിടിച്ചുകൊണ്ടു പോയ മനോരമയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇറോം ശര്‍മിളയുടെ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. ഇത്തരത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സായുധ 'സ്വാതന്ത്ര്യ സമരത്തിന്റെ' ചരിത്രം മെയ്‌തെയി വിഭാഗത്തിനുണ്ട്. തങ്ങളുടെ സ്വത്വം സംരക്ഷിക്കുക, സ്വന്തമായ രാജ്യം സ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

1964 ല്‍ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ആരംഭിച്ച കാലം മുതല്‍ മെയ്‌തെയി വംശത്തില്‍ പെട്ട ചില വിഭാഗങ്ങള്‍ സ്വാതന്ത്ര്യത്തിനും സ്വത്വ സംരക്ഷണത്തിനും വേണ്ടി മുറവിളികൂട്ടുകയും രാജ്യവുമായി കലഹത്തില്‍ ഏര്‍പ്പെടുകയും സായുധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നെങ്കില്‍, കുക്കി, നാഗ തുടങ്ങിയ ഗോത്രവര്‍ഗ്ഗങ്ങള്‍ ഇത്തരം പോരാട്ടങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ല. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.

മണിപ്പൂരിലെയും, നാഗാലാന്റിലെയും നാഗ ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഈ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളില്‍ ഒട്ടേറെ സൈനികരും മറ്റു വംശജരും കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്. മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ അധിവസിച്ചിരുന്ന ഗോത്രവര്‍ഗ്ഗങ്ങളായ നാഗ, കുക്കി സമൂഹങ്ങള്‍ക്കിടയിലും ഇതേ കാലയളവില്‍ കലാപങ്ങള്‍ പൊട്ടി പുറപ്പെടുകയും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതുപോലെതന്നെ, മറ്റൊരു ഗോത്രവര്‍ഗ്ഗമായ പെയ്‌ത്തെ വംശവും കുക്കികളും തമ്മിലും കലാപങ്ങള്‍ ഉണ്ടാവുകയും അനേകര്‍ കൊല്ലപ്പെടുകയും ഉണ്ടായിട്ടുണ്ട്.

ഇത്തരത്തില്‍ കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും ഒട്ടേറെ കഥകളാണ് മണിപ്പൂരിന്റെ മണ്ണിന് പറയാനുള്ളത്. ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കുടിപ്പകകള്‍, തര്‍ക്കങ്ങള്‍, സ്വന്തമായി രാജ്യം വേണമെന്ന ആവശ്യം, മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ അത്തരം പോരാട്ടങ്ങള്‍ക്ക് പിന്നില്‍ കാണാനാവും.

എല്ലാ ഗോത്രങ്ങള്‍ക്കും തന്നെ സായുധ സംഘങ്ങള്‍ വളരെ മുമ്പേ ഉണ്ട് എന്നുള്ളതും മറ്റൊരു വസ്തുതയാണ്. അത്തരം പോരാട്ടങ്ങളുടെയും നിരന്തര സംഘര്‍ഷങ്ങളുടെയും തുടര്‍ച്ചയായാണ് 1958 ല്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ആംഡ് ഫോഴ്സസ് - സ്പെഷ്യല്‍ പവേഴ്‌സ് ആക്ട് (എഎഫ്എസ്പിഎ 1958) നിലവില്‍ വരുന്നത്.

വിവിധ വിഭാഗങ്ങളും മതവിശ്വാസങ്ങളും

മതവിശ്വാസങ്ങള്‍ക്ക് അതീതമായിരുന്നു മണിപ്പൂരില്‍ വംശീയ ബോധ്യങ്ങള്‍. ആദിവാസി ഗോത്രങ്ങള്‍ക്കും മെയ്‌തെയി വിഭാഗത്തിനും മുമ്പുണ്ടായിരുന്ന പ്രാചീന മതവിശ്വാസങ്ങളെ പതിനേഴാം നൂറ്റാണ്ടോടെ അവര്‍ കൈവിട്ടു തുടങ്ങി. മണിപ്പൂരിലെ താഴ്വരകളില്‍ അധിവസിക്കുന്ന മെയ്‌തെയി വിഭാഗക്കാരില്‍ ഭൂരിപക്ഷവും ഹൈന്ദവരായി മാറുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഹൈന്ദവ മത പ്രചാരകരുടെ കടന്നുവരവോടെയാണ് അത്. മുമ്പ് സനാമഹി എന്ന പ്രാചീന മതസ്ഥരായിരുന്നു അവര്‍. മെയ്‌തെയി വിഭാഗത്തിന്റെ തനത് മതമായ 'സനാമഹിസം', 'മെയ്‌തെയിസം' എന്നും അറിയപ്പെടുന്നു.

ഇന്ന് മെയ്‌തെയി വിഭാഗത്തില്‍ 70 ശതമാനത്തിനടുത്ത് ഹൈന്ദവരും പതിനാല് ശതമാനത്തോളം മുസ്ലീങ്ങളും അത്രത്തോളം തന്നെ സനാമഹികളും ചെറിയൊരു വിഭാഗം ക്രൈസ്തവരും ആണുള്ളത്. മെയ്‌തെയി വിഭാഗത്തില്‍പെട്ട മുസ്ലീങ്ങള്‍ മെയ്‌തെയി പംഗല്‍സ് എന്ന് അറിയപ്പെടുന്നു. ഇടക്കാലത്ത് ദുര്‍ബ്ബലമായിമാറിയ മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തൊണ്ണൂറുകളുടെ ആരംഭത്തില്‍ വീണ്ടും ശക്തി പ്രാപിച്ചപ്പോള്‍ പഴയ മെയ്‌തെയി സംസ്‌കാരത്തിലേയ്ക്കും ബംഗാളി ഭാഷ ഉപേക്ഷിച്ച് പഴയ ലിപിയിലേയ്ക്കും തിരികെ പോകാന്‍ ശ്രമം നടത്തി. സനാമഹി എന്ന പഴയ മതത്തെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ നടത്തുകയുണ്ടായി. അക്കാലത്ത്തന്നെ മെയ്‌തെയി വംശജരായ മുസ്ലീങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും അവര്‍ക്കെതിരെ തിരിയുകയും ചെയ്തു. അനുബന്ധമായി 1993 ല്‍ നടന്ന കലാപത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്കും അക്രമ സംഭവങ്ങള്‍ക്കും പിന്നില്‍ മതം ഒരു കാരണമായി മാറിയിരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ കൂടിയും കുറഞ്ഞും എല്ലാ മതസ്ഥരും ഉള്ളതായി കാണാം. മതങ്ങള്‍ക്ക് അതീതമായി തങ്ങളുടെ വംശത്തിന് അവര്‍ പ്രാമുഖ്യം നല്‍കുന്നു. മെയ്‌തെയി വിഭാഗത്തില്‍ ഹൈന്ദവരാണ് ഏറിയ പങ്കുമെങ്കില്‍ കുക്കി, നാഗ തുടങ്ങിയ ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവരാണ് കൂടുതല്‍. കണക്കുകള്‍ പ്രകാരം മലമ്പ്രദേശങ്ങളില്‍ അധിവസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരില്‍ 92 ശതമാനവും ക്രൈസ്തവരാണ്.

തങ്ങളുടെ പ്രാചീന മതവിശ്വാസങ്ങള്‍ കൈവിട്ട് കൂട്ടത്തോടെ അവര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറി തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ക്രൈസ്തവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. വിവിധ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മികച്ച സ്‌കൂളുകള്‍ക്ക് ആരംഭം കുറിച്ചതാണ് ക്രൈസ്തവ മിഷനറിമാരുടെ കടന്നുവരവിന് അവിടെ വഴിയൊരുക്കിയത്.

കത്തോലിക്കാ മിഷനറിമാര്‍ക്ക് പുറമെ ഒട്ടേറെ ആംഗ്ലിക്കന്‍ - പ്രൊട്ടസ്റ്റന്റ് മിഷനറിമാരും ആ സംസ്ഥാനങ്ങളിലെ മലമ്പ്രദേശങ്ങളിലേയ്ക്ക് എത്തുകയും അവര്‍ വഴി ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആകൃഷ്ടരായ ഗോത്രവര്‍ഗക്കാര്‍ കൂട്ടത്തോടെ തങ്ങളുടെ പ്രാചീന മതവിശ്വാസങ്ങളെ കൈവിടുകയും ചെയ്തു. മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളില്‍ പഴയ മതവിശ്വാസങ്ങളില്‍ തുടരുന്നത് നിലവില്‍ ഒരുശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ്.

മണിപ്പൂരിലെയും മറ്റ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും മത പരിവര്‍ത്തനം സംബന്ധിച്ചുള്ള ചില പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സനാമഹി പോലുള്ള പ്രാചീന മതവിശ്വാസങ്ങളില്‍നിന്ന് മറ്റു മതവിശ്വാസങ്ങളിലേയ്ക്ക് ക്രമേണ കൂട്ടത്തോടെ മാറുകയാണ് ഉണ്ടായത്. മെയ്‌തെയികള്‍ ഹിന്ദുമത വിശ്വാസികളായതും അപ്രകാരം തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മണിപ്പൂര്‍ രാജാവായിരുന്ന പാംഹെയ്ബ ഹിന്ദുമതം സ്വീകരിച്ചതോടെയാണ് മെയ്‌തെയികള്‍ ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ദീര്‍ഘകാലം മണിപ്പൂര്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വില്യം പെറ്റിഗ്രൂ എന്ന ബ്രിട്ടീഷ് മിഷനറിയെ മെയ്‌തെയികള്‍ അകറ്റി നിര്‍ത്തുകയാണുണ്ടായത്. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിലൂടെ അനേകര്‍ ക്രൈസ്തവ വിശ്വാസികളായി മാറി.

മെയ്മാസത്തിലെ കലാപം

വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ കൂടുതലും മണിപ്പൂരില്‍ ഉണ്ടായിട്ടുള്ളത് ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലാണ്. മെയ്‌തെയി വിഭാഗക്കാര്‍ താഴ്വരകളിലും, ഗോത്രവിഭാഗക്കാര്‍ ബഹുഭൂരിപക്ഷവും മലമ്പ്രദേശങ്ങളിലുമാണ് അധിവസിച്ചിരുന്നത് എന്നതിനാല്‍, മെയ്‌തെയി വിഭാഗവും ഗോത്രവര്‍ഗ്ഗങ്ങളും തമ്മിലുള്ള പോരാട്ടങ്ങള്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സമീപകാലം വരെയും ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.

മെയ്‌തെയി വിഭാഗത്തിലെ സായുധ സംഘങ്ങള്‍ സര്‍ക്കാരും സൈന്യവുമായാണ് യുദ്ധം ചെയ്തിരുന്നത്. ഇതുവരെ സംഭവിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി മെയ്‌തെയി വിഭാഗവും കുക്കികളും തമ്മില്‍ കലാപം ഉണ്ടായിരിക്കുന്നത് തികച്ചും അസാധാരണവും അസംഭവ്യവുമാണ്. കാരണം, കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ കൊണ്ട് മണിപ്പൂരിന്റെ താഴ്വരകളില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തെയികള്‍ക്കിടയില്‍ ജീവിച്ചുവരുന്ന കുക്കി, നാഗ ഉള്‍പ്പെടെയുള്ള ഗോത്ര വംശജരുണ്ട്. മുന്‍കാലങ്ങളില്‍ മെയ്‌തെയി വിഭാഗവുമായി ഗോത്രവിഭാഗങ്ങള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അപ്രകാരം സംഭവിക്കുമായിരുന്നില്ല.

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മണിപ്പൂരില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതും, കഴിഞ്ഞ ചില നാളുകള്‍ക്കിടയില്‍ അത്യന്തം രൂക്ഷമായതുമായ വിഷയങ്ങള്‍ ചരിത്ര പശ്ചാത്തലങ്ങളില്‍നിന്ന് വളരെ വ്യത്യസ്തമാണ്. മുന്‍കാലങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഭിന്നതകള്‍ക്കും വിദ്വേഷചിന്തകള്‍ക്കും കാരണമായ വിഷയങ്ങളല്ല കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്.

ഇവിടെ മതം ഒരു ഘടകമായി മാറി എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വ്യത്യാസവും പുതുമയും. മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി മതപരവും വര്‍ഗീയവുമായ ധ്രുവീകരണം മണിപ്പൂരിലെ ജനതകള്‍ക്കിടയില്‍ സംഭവിച്ചിരിക്കുന്നു എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. ദേവാലയങ്ങള്‍ വളരെ കൂടുതലായി ആക്രമിക്കപ്പെട്ടു എന്നുള്ളത് ഇക്കാര്യം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കലാപം നടന്ന ആദ്യ നാലു ദിവസങ്ങള്‍ക്കിടെ 121 ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അവയില്‍ 76 ദേവാലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. പിന്നീടും പലപ്പോഴായി ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളില്‍ മെയ്‌തെയി വിഭാഗത്തിലെ ക്രൈസ്തവരുടെ അനേകം പള്ളികളും ഉള്‍പ്പെടുന്നു. അതിനര്‍ത്ഥം, കലാപകാരികള്‍ ലക്ഷ്യം വച്ചത് കുക്കികളെ മാത്രമല്ല എന്നുള്ളതാണ്.

1700 ലേറെ വീടുകളാണ് പൂര്‍ണ്ണമായോ ഭാഗികമായോ ആ ദിവസങ്ങള്‍ക്കിടയില്‍ അവിടെ നശിപ്പിക്കപ്പെട്ടത്. വ്യാപകമായി സ്വത്തുവകകള്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുക്കി വിഭാഗത്തില്‍ പെട്ട 45000 ലേറെ ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലുണ്ട്.

എന്നാല്‍, മെയ്‌തെയി വിഭാഗത്തില്‍ പെട്ടവരില്‍ പലായനം ചെയ്യേണ്ടതായിവന്നവര്‍ വിരളമാണ്. കുക്കികള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ട കാഴ്ചയാണ് കലാപ ദിവസങ്ങളില്‍ കണ്ടത്. താഴ്വരകളില്‍ വന്നുതാമസിച്ചിരുന്ന കുക്കികളുടെ ഭവനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. മെയ്‌തെയ് വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളും ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള കുന്നുകളിലെ ജില്ലകളായ ചുരചന്ദ്പൂര്‍, കാങ്‌പോക്പി, തെങ്‌നൗപല്‍ ജില്ലകളുമായിരുന്നു പ്രധാന പ്രശ്നബാധിത മേഖലകള്‍.

സംഘടിതമായ അക്രമം

ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിക്കപ്പെടുകയുണ്ടായെങ്കിലും കുക്കികള്‍ക്ക് എതിരെ സംഘടിതമായ അക്രമണ പരമ്പരകളാണ് ആ ദിവസങ്ങളിലും തുടര്‍ന്നും അരങ്ങേറിയത്. ആയുധധാരികളായ ആള്‍ക്കൂട്ടങ്ങളാണ് ഒരേ സമയം പലയിടങ്ങളിലായി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ സംഘടിത സ്വഭാവം കലാപത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട് എന്നുള്ളതിന് സൂചന നല്‍കുന്നുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന രീതിയില്‍ രാമാനന്ദ എന്ന വ്യക്തി പ്രസംഗിച്ചതും, തങ്ങളുടെ സ്വത്വവും സംസ്‌കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരു വിഭാഗം മെയ്‌തെയികള്‍ പ്രതിജ്ഞയെടുത്തതും ഇത്തരമൊരു കലാപത്തിന് ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്.

വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ രാമാനന്ദ മാപ്പു പറയുകയുണ്ടായെങ്കിലും മെയ്‌തെയികള്‍ക്കിടയില്‍ ക്രൈസ്തവ വിദ്വേഷം വ്യാപിക്കുന്നതായി സൂചനകളുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയ ശാസ്ത്രമുള്ള ചില സംഘടനകള്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി മെയ്‌തെയികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു.

ഇത്തരമൊരു സംഘര്‍ഷാവസ്ഥ രൂപപ്പെടാനുള്ള കാരണങ്ങള്‍ പലതുണ്ടായിരുന്നു എങ്കിലും അതിനെ ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ രൂപഭാവങ്ങളിലേയ്ക്ക് എത്തിച്ചതിന് പിന്നില്‍ ചില നിഗൂഢമായ ഇടപെടലുകള്‍ പലരും സംശയിക്കുന്നു. അത്തരമൊരു നിറംമാറ്റമാണ് പുതിയ കലാപത്തെ കൂടുതല്‍ ആശങ്കാജനകമായും അപകടകരമായും മാറ്റിയത്. ഒരു ശാശ്വത പരിഹാരത്തിന് തടസമായി നില്‍ക്കുന്നതും ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണം തന്നെയാണ്.

ഇത്തരമൊരു അസ്ഥിരാവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ പദ്ധതിയിട്ടത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതിന് പശ്ചാത്തലമൊരുക്കിയത് ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് മേല്‍ വര്‍ധിച്ചുവന്ന പലവിധ സമ്മര്‍ദ്ദങ്ങളും അവര്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരുന്ന അസ്വസ്ഥതകളുമാണ്. മെയ്‌തെയി വംശജനായ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാട് മാറ്റങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ട്.

കലാപത്തിന്റെ പശ്ചാത്തലങ്ങള്‍

മുഖ്യമായും മൂന്നു കാരണങ്ങളാണ് ഗോത്ര വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ആശങ്കകളും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നത്. വന നിയമങ്ങളിലെയും നയങ്ങളിലെയും പെട്ടെന്നുള്ള മാറ്റങ്ങള്‍ കുടിയിറക്കുകള്‍ക്കും നീതിനിഷേധങ്ങള്‍ക്കും കാരണമായതാണ് ഒന്നാമത്തെ കാരണം.മലമ്പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നവര്‍ ചില ആരോപണങ്ങളെ നേരിടുകയും പതിവായി കുറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്നത് മറ്റൊരു കാരണമായിരുന്നു. ഇംഫാല്‍ ഉള്‍പ്പെടെയുള്ള സമതല പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ജീവിച്ചിരുന്ന മെയ്‌തെയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെ ഹൈക്കോടതി അനുകൂലിച്ച നടപടിയായിരുന്നു മൂന്നാമത്തെ കാരണം.

ഹില്‍ ഏരിയ കമ്മിറ്റിയുടെ അറിവോ അനുമതിയോ കൂടാതെ വനസംബന്ധമായി ചില നീക്കങ്ങള്‍ മണിപ്പൂര്‍ സര്‍ക്കാര്‍ കഴിഞ്ഞ ചില കാലങ്ങളായി നടത്തിവന്നിരുന്നു. അത്തരത്തില്‍ സര്‍വേ നടത്തി ചില വന പ്രദേശങ്ങളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കുന്നതോടൊപ്പം, കാലങ്ങളായി അവിടെ ജീവിച്ചിരുന്ന ഗോത്രവംശജരെ കുടിയിറക്കുകയോ മാറ്റി പാര്‍പ്പിക്കുകയോ ചെയ്തുവന്നിരുന്നു. മുഖ്യമായും കുക്കികള്‍ ജീവിച്ചിരുന്ന ഗ്രാമങ്ങളിലാണ് ഇത്തരം നടപടികള്‍ ഉണ്ടായത്. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്.

കൂടാതെ മലമ്പ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ വനം കയ്യേറ്റക്കാരും അനധികൃത കുടിയേറ്റക്കാരും കഞ്ചാവ് കൃഷിക്കാരുമാണ് എന്ന ആരോപണം പതിവായി ഉന്നയിക്കപ്പെട്ടിരുന്നു. അത്തരത്തിലുള്ള ആക്ഷേപങ്ങളിലൂടെ ഗോത്രവര്‍ഗ്ഗക്കാരെ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ നേതൃത്വവും കുറെ മാസങ്ങളായി നിരന്തരം പ്രകോപിപ്പിച്ചു പോന്നു. തങ്ങളെ സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് സ്വാഭാവികമായും കരുതിയ ഗോത്ര വര്‍ഗ്ഗക്കാര്‍ അത്യന്തം രോഷാകുലരായിരുന്നു. ഈ പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് ഏപ്രില്‍ അവസാന ആഴ്ചയില്‍ ചുരാചന്ദ്പൂര്‍ ജില്ലയില്‍ പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും, ഇന്‍ഡിജെനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം നടത്തുകയുമുണ്ടായിരുന്നു.

ഇതേ ഘട്ടത്തില്‍ത്തന്നെയാണ് മെയ്‌തെയികള്‍ക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവുണ്ടാകുന്നതും അതേത്തുടര്‍ന്നുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്നതും. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മെയ്‌തെയികള്‍ ഉന്നയിച്ചിരുന്ന ആവശ്യപ്രകാരം, പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തില്‍ അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് ഹൈക്കോടതി മണിപ്പൂര്‍ സര്‍ക്കാരിന് നല്‍കിയത്. പ്രധാനമായും രണ്ടു കാരണങ്ങളാലാണ് തങ്ങള്‍ക്ക് മെയ്‌തെയികള്‍ പട്ടികവര്‍ഗ്ഗ സംവരണം ആവശ്യപ്പെട്ടത്. തങ്ങളുടെ സ്വത്വം നിലനിര്‍ത്താനും സംരക്ഷിക്കാനും സംവരണം ആവശ്യമാണ് എന്ന് അവര്‍ കരുതി. മറ്റു പട്ടികവര്‍ഗ്ഗക്കാരായ ഗോത്രവിഭാഗങ്ങള്‍ക്ക് താഴ്വരകളില്‍ സ്ഥലം വാങ്ങാമെന്നിരിക്കെ, മലമ്പ്രദേശങ്ങളില്‍ മെയ്‌തെയി വിഭാഗങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ കഴിയില്ല എന്നതായിരുന്നു രണ്ടാമത്തെ കാരണം.

മണിപ്പൂരിലെ നിയമപ്രകാരം വനമേഖലകളിലെ ഭൂപ്രദേശം കൈവശപ്പെടുത്തുവാന്‍ ഷെഡ്യൂള്‍ഡ് ട്രൈബ് ആയ ഗോത്രവര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമേ കഴിയൂ. പ്രബലരായ മെയ്‌തെയികളും ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പക്ഷം തങ്ങളുടെ ഭൂമി ക്രമേണ അവര്‍ കൈവശപ്പെടുത്തുമെന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ കരുതി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തങ്ങള്‍ക്ക് പട്ടികവര്‍ഗ പദവി ഉണ്ടായിരുന്നു എന്ന വാദത്തിലൂന്നിയാണ് മെയ്‌തെയികള്‍ പട്ടികവര്‍ഗ്ഗ സംവരണാവകാശം ഉന്നയിച്ചിരുന്നത്. ഈ അവകാശവാദത്തെ നിരവധി രാഷ്ട്രീയക്കാരും എംഎല്‍എ മാരും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താല്‍ തന്നെ, ഇത്തരമൊരു നീക്കം തങ്ങള്‍ക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നും തങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും ഗോത്രവര്‍ഗ്ഗക്കാര്‍ കരുതി.

മണിപ്പൂരിന്റെ രാഷ്ട്രീയം

കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ വിപ്ലവകരമായ രാഷ്ട്രീയ മാറ്റങ്ങളാണ് മണിപ്പൂരില്‍ സംഭവിച്ചത്. 2012 ഇലക്ഷനില്‍ അതീവ ദുര്‍ബ്ബലമായ സാന്നിധ്യമായിരുന്ന ബിജെപി 2017 ലെ ഇലക്ഷനില്‍ സഖ്യ കക്ഷികളുടെ പിന്‍ബലത്തോടെ അധികാരത്തില്‍ വരികയും, 2022 ഇലക്ഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം ഉറപ്പിക്കുകയും ചെയ്തു. തീരെ ദുര്‍ബ്ബലമായ അവസ്ഥയിലേയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഒതുക്കപ്പെട്ടു. ബിജെപിയുടെ ഈ നേട്ടത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒന്നാമത്തെ കാരണം നിയമസഭാ മണ്ഡലങ്ങളുടെ വിഭജനത്തിലെ സവിശേഷതകളാണ്. മെയ്‌തെയി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മണിപ്പൂരിലെ താഴ്വരകളില്‍ നാല്‍പ്പത് മണ്ഡലങ്ങളും, മറ്റു വിഭാഗക്കാര്‍ മാത്രം അധിവസിക്കുന്ന മലമ്പ്രദേശങ്ങളില്‍ ഇരുപത് മണ്ഡലങ്ങളും ആണ് ഉള്ളത്. ഈ സാഹചര്യം ബിജെപിക്ക് തികച്ചും അനുകൂലമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ സംസ്ഥാനവും ഭരിക്കുന്നു എന്നതിനാലുള്ള നേട്ടങ്ങള്‍ എന്‍. ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഗുണം ചെയ്തു. വിവിധ പദ്ധതികളുടെ നടത്തിപ്പും, ഗോത്രവര്‍ഗക്കാരെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും 2022 ഇലക്ഷനില്‍ പ്രതിഫലിച്ചു.

എന്നാല്‍, ഇതേ കാലയളവില്‍ വളര്‍ന്നുവന്ന വിഭാഗീയതയും, അവകാശ വാദങ്ങളും മണിപ്പൂരിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കി. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മറവില്‍ ശക്തിപ്രാപിച്ച മൗലിക വാദ ചിന്തകളും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കെതിരായി മെയ്‌തെയി വിഭാഗത്തിനിടയില്‍ പ്രചരിച്ച ആരോപണങ്ങളും അവര്‍ക്കിടയില്‍ ശത്രുതാ മനോഭാവം വളര്‍ത്തിക്കൊണ്ടിരുന്നു.

പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നില്ല എന്ന കാരണത്താല്‍ മലമ്പ്രദേശത്ത് ഭൂമി കൈവശപ്പെടുത്താന്‍ കഴിയില്ല എന്ന മെയ്‌തെയി വിഭാഗത്തിന്റെ പരിമിതി മറികടക്കാന്‍ അവര്‍ കഠിന പ്രയത്‌നം നടത്തിപ്പോന്നു. ഗോത്രവര്‍ഗക്കാര്‍ക്ക് തങ്ങളുടെ ദേശത്ത് വന്നു ജീവിക്കാന്‍ കഴിയും എന്നുള്ളതിനാല്‍ അവരോട് പക ഉള്ളില്‍ സൂക്ഷിച്ചിരുന്ന ചിലര്‍ മെയ്‌തെയികളില്‍ ഉണ്ടായിരുന്നു. ചില തല്‍പ്പര കക്ഷികള്‍ അത്തരം വിഷലിപ്തമായ ആശയങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു.

മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റം വഴി ജനസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നും, വനം കയ്യേറ്റം നടക്കുന്നുണ്ട് എന്നും, അവിടെ വ്യാപകമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ട് എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മലമ്പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണെങ്കിലും ഗോത്ര സമൂഹങ്ങളെ മുഴുവനോടെ കഞ്ചാവ് കൃഷിക്കാര്‍ എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നത് പതിവായതാണ് അവരെ പ്രകോപിപ്പിച്ചിരുന്നത്.

അനധികൃത കുടിയേറ്റത്തെക്കാള്‍ ഉപരി, 2001 സെന്‍സസില്‍ അന്നത്തെ മണിപ്പൂരിലെ സാഹചര്യത്തില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ശരിയായ കണക്കുകള്‍ രേഖപ്പെടുത്തപ്പെടാതെ പോയതാണ് ജനസംഖ്യയിലുള്ള ആശയക്കുഴപ്പത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സെന്‍സസ് ഉദ്യോഗസ്ഥര്‍ക്ക് വനമേഖലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ ഒട്ടേറെ ഗ്രാമങ്ങള്‍ കണക്കില്‍പെടാതെ പോയിട്ടുണ്ട്. ഇത്തരം ചില മറുവശങ്ങള്‍ക്കൂടി ഉണ്ടെങ്കിലും ആരോപണങ്ങളില്‍ ഉറച്ചുനിന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അംഗീകരിക്കാനാവാത്ത നിലപാടുകളുമായാണ് മണിപ്പൂര്‍ ഭരണകൂടം സമീപകാലങ്ങളില്‍ നീങ്ങിയത്. ഈ നീക്കങ്ങളോടുള്ള രോഷം ഗോത്രവര്‍ഗ്ഗക്കാര്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഏപ്രില്‍ 28 ന് കുക്കികള്‍ ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഒരു ജിം ജനക്കൂട്ടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയുണ്ടായി.

അക്രമങ്ങള്‍ വ്യാപിക്കുന്നു

മെയ് മൂന്നിന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ മാര്‍ച്ച് ആണ് പിന്നീട് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്. അതിന് മുമ്പുള്ള ദിവസങ്ങളും സംഘര്‍ഷഭരിതമായിരുന്നു എങ്കിലും മെയ് മൂന്നാംതിയ്യതിയോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോവുകയായിരുന്നു. പ്രതിഷേധം നടത്തിയ ഗോത്രവര്‍ഗ്ഗക്കാര്‍ മെയ്‌തെയികളെ ആക്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് കുക്കികള്‍ക്കെതിരെ വ്യാപകമായ അക്രമം അരങ്ങേറിയത്. താഴ്വരകളില്‍ താമസിച്ചിരുന്ന കുക്കികളെയും അവരുടെ ദേവാലയങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചു തുടങ്ങിയ കലാപം മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനം മുഴുവന്‍ വ്യാപിച്ചു.

മെയ്‌തെയികളും തിരിച്ചടികള്‍ നേരിട്ടു എങ്കിലും, കലാപത്തെ തുടര്‍ന്നുണ്ടായ സംഭവ പരമ്പരകള്‍ താഴ്വരകളില്‍ താമസിക്കുന്ന ഗോത്ര വര്‍ഗ്ഗക്കാരെ, പ്രത്യേകിച്ച് കുക്കികളുടെ ഭാവിയെ തികഞ്ഞ അസ്ഥിരതയില്‍ അകപ്പെടുത്തി. ഒടുവിലുണ്ടായ ഒരു ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നുള്ള രോഷത്തിനപ്പുറം കുക്കികള്‍ക്ക് മെയ്‌തെയി വംശജരോട് പ്രത്യേക പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവരുടെ സമരം ആരംഭം മുതല്‍ സര്‍ക്കാരിന് എതിരായുള്ളതും നിലനില്‍പ്പിന് വേണ്ടിയുള്ളതുമായിരുന്നു.

എന്നിട്ടും, ഗോത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന രീതിയില്‍ വ്യാപകമായി ചിത്രീകരിക്കപ്പെടുകയും ഏകപക്ഷീയമായ അടിച്ചമര്‍ത്തലും നാടുകടത്തലുമായി പരിണമിക്കുകയും ചെയ്തു. മെയ്‌തെയികള്‍ക്ക് കുക്കികളോട് ഇത്രമാത്രം പ്രതികാരബുദ്ധി തോന്നാന്‍ ഇടയാക്കിയ കാരണങ്ങളെന്താണ് എന്ന ചോദ്യം അവിടെ അവശേഷിക്കുകയാണ്.

ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന വിശേഷണം ഇപ്പോഴും നിലനില്‍ക്കുന്നെങ്കിലും മണിപ്പൂരില്‍ കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതലുള്ള ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സംഭവിച്ചവയ്ക്ക് മറ്റു ചില സംസ്ഥാനങ്ങളില്‍ മുമ്പുണ്ടായ ഏകപക്ഷീയ കലാപങ്ങളുടെയും വംശഹത്യകളുടെയും ഛായയുണ്ട്.

മതത്തിന്റെ മറവില്‍ കലാപകാരികള്‍ അഴിഞ്ഞാടിയ, അനേകായിരങ്ങള്‍ക്ക് സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ട, ഇനിയും മുറിവുണങ്ങാത്ത ചില അക്രമസംഭവങ്ങള്‍ക്ക് സമാനമായേ ഇതിനെയും വിലയിരുത്താന്‍ കഴിയൂ. ഇത്തരം അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ചില നിഗൂഢ ശക്തികളുടെ ഇടപെടലുകളും പ്രാദേശികമായ ചില തീവ്ര വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പലപ്പോഴും ദൃശ്യമാണ്. അതിനാല്‍ത്തന്നെ രാജ്യവ്യാപകമായി സാമുദായികവും മതപരവുമായ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ചില തല്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട് എന്ന് വ്യക്തം.

ഒരു വലിയ വിഭാഗം ജനതയെ തികഞ്ഞ ആശയക്കുഴപ്പങ്ങളും ആശങ്കകളിലും അകപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഇതുവരെയില്ലാത്ത രീതിയില്‍ വര്‍ഗീയ വിഷം അവരുടെ മനസുകളില്‍ നിറച്ചത് ആരുടെ പദ്ധതികള്‍ പ്രകാരമാണ്? നിലനില്‍പ്പിനും അതിജീവനത്തിനു വേണ്ടിയുള്ള ഒരു സമരത്തിന് മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും പരിവേഷം നല്‍കി രാജ്യം മുഴുവന്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുകയും യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ലോകത്തിന്റെ ശ്രദ്ധ വഴിതിരിച്ചു വിടുകയും ചെയ്തത് ആരുടെ തീരുമാനങ്ങള്‍ പ്രകാരമാണെന്ന് ഇന്ത്യയിലെ മതേതര സമൂഹം തിരിച്ചറിയണം.

വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഇലക്ഷന്‍ പ്രചാരണം നടത്തി അധികാരത്തിലേക്കെത്തുകയും അധികാരമുറപ്പിച്ചുകഴിഞ്ഞാല്‍ നിറം മാറുകയും ചെയ്യുന്ന ബിജെപിയുടെ മുഖമാണ് മണിപ്പൂരില്‍ വ്യക്തമാകുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം മറ്റു വിവിധ സംസ്ഥാനങ്ങളില്‍ എന്നതുപോലെ മണിപ്പൂരിലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലും പ്രകടമായിരുന്നു. ആ അര്‍ത്ഥത്തില്‍ മണിപ്പൂരില്‍ സംഭവിച്ചത് ഒരു പാഠമായി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും കാണേണ്ടതുണ്ട്.

പ്രാകൃത സാമൂഹിക വ്യവസ്ഥിതികളെ അതിജീവിച്ച് സാവകാശം ഒത്തൊരുമയുടെ പാതയില്‍ നടന്നുതുടങ്ങിയിരുന്ന മണിപ്പൂരിലെ സമുദായങ്ങള്‍ക്കിടയില്‍ ഗുരുതരമായ വിള്ളലുകള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മെയ്മാസം ആദ്യ ആഴ്ചയിലെ അനിഷ്ട സംഭവങ്ങള്‍ക്കൊണ്ട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിക്കുന്നില്ല. ചെറുതും വലുതുമായ രീതിയില്‍ അവ തുടരുകയാണ്.

വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടുബാങ്കുകള്‍ സൃഷ്ടിച്ച് ഭരണസ്ഥിരത ഉറപ്പുവരുത്താന്‍ പരിശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്താത്തപക്ഷം ഒരു സംസ്ഥാനം മാത്രമല്ല, ഈ രാജ്യം മുഴുവന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തീര്‍ച്ച. ഇത്തരം ഗൂഢലക്ഷ്യങ്ങളോടെ സമൂഹത്തില്‍ അസ്ഥിരതയും അസ്വസ്ഥതകളും സൃഷ്ടിക്കുന്നവര്‍ക്ക് വേണ്ടി മതത്തിന്റെയും വര്‍ഗീയതയുടെയും ഭാഷ്യങ്ങള്‍ മെനഞ്ഞ് വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമ സിന്‍ഡിക്കറ്റുകളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ നാം തയ്യാറാകണം.

കടപ്പാട്: കെ.സി.ബി.സി ജാഗ്രതാ സമിതി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.