ന്യൂഡൽഹി: ഏഴ് വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് പാർലമെന്റിന് മുന്നിൽ ഇന്ന് വനിത ഖാപ് പഞ്ചായത്ത് നടക്കും.
ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതകളാണ് ഖാപ് പഞ്ചായത്തിനായി ഡൽഹിയിൽ എത്തുക. ജന്തർമന്തറിൽനിന്ന് 11.30 ന് പാർലമെന്റിലേക്ക് മാർച്ചായി പുറപ്പെടും. ഇതോടൊപ്പം ഡൽഹിയുടെ അതിർത്തികളിൽനിന്ന് കർഷകരടക്കമുള്ള സംഘം പാർലമെന്റിലേക്ക് മാർച്ച് നടത്തും.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിനത്തിൽ ചേരുന്ന വനിത മഹാപഞ്ചായത്തിൽ ഗുസ്തി താരങ്ങൾ വനിതാ ജനപ്രതിനിധികളുടെ പിന്തുണ തേടി. രാജ്യത്തെ മുഴുവൻ അമ്മമാരും സഹോദരിമാരും മഹാപഞ്ചായത്തിൽ പങ്കെടുക്കണമെന്നും താരങ്ങൾ അഭ്യർഥിച്ചു.
മാർച്ച് സമാധാനപരമായിരിക്കുമെന്നും പൊലീസ് നടപടിയുണ്ടായാലും അഹിംസാമാർഗത്തിൽ പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചു.അതിനിടെ, സമരത്തിന് പിന്തുണ അറിയിച്ച് യോഗ ഗുരു ബാംബ രാംദേവ് രംഗത്തുവന്നു. ബ്രിജ് ഭൂഷണെ പോലുള്ള ആളുകളെ ഉടനെ അറസ്റ്റ് ചെയ്ത് തടവിലാക്കണം. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്ക്കുമെതിരെ അയാള്‍ അപവാദ പ്രചാരണം നടത്തുന്നു. അത് അങ്ങേയറ്റം അപലപനീയമാണെന്നും രാംദേവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.