ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജസ്ഥാനിലെ പ്രമുഖ നേതാക്കളായ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും തമ്മില്‍ തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ തീവ്ര ശ്രമവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വീട്ടില്‍ ഇരുവരുമായി നടന്ന ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും പങ്കെടുത്തു. ഇരു നേതാക്കളും തങ്ങളുടെ വാദഗതികളില്‍ ഉറച്ചു നിന്നതോടെ പൂര്‍ണ പ്രശ്‌ന പരിഹാരം കണ്ടെത്താനായില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നീങ്ങാന്‍ ധാരണ ആയതായാണ് വിവരം.
അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് പൈലറ്റും ഗെലോട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈമാസം തന്നെ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സച്ചിന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സര്‍ക്കാരിന് എതിരെ പരസ്യമായി രംഗത്തു വന്നത്. ഏകദിന ഉപവാസം നടത്തിയ പൈലറ്റ് പിന്നീട് ജന്‍ സംഘര്‍ഷ യാത്രയും നടത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു നേതാക്കളും തമ്മിലുള്ള പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചിരുന്നു. അതേ ഫോര്‍മുല തന്നെ രാജസ്ഥാനിലും ഹൈക്കമാന്‍ഡ് സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന് പുറമേ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലും സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.
ദിഗ്വിജയ് സിങ്, കമല്‍നാഥ് എന്നിവരടക്കമുള്ളവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കര്‍ണാടയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ എഐസിസി തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗമായ സുനില്‍ കനുഗോലുവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.