പരിശുദ്ധാത്മാവിനാല്‍ ഭയം അകറ്റി ദൈവസ്‌നേഹത്തിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കാം: ഫ്രാന്‍സിസ് പാപ്പ

പരിശുദ്ധാത്മാവിനാല്‍ ഭയം അകറ്റി ദൈവസ്‌നേഹത്തിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കാം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിനെ സ്വീകരിക്കുമ്പോള്‍ ഭയത്തില്‍ നിന്ന് നാം മോചിതരാകുകയും വാതായനങ്ങള്‍ തുറക്കപ്പെടുകയും അതിലൂടെ ദൈവസ്‌നേഹത്തിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കാനും നമുക്ക് സാധിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ ബലി മദ്ധ്യേ നല്‍കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പയുടെ ആഹ്വാനം.

യേശുവിന്റെ മരണശേഷം അപ്പോസ്തലന്മാര്‍ അഭയം തേടിയ മാളികപ്പുറത്തേക്കാണ് സുവിശേഷം നമ്മെ കൂട്ടിക്കൊണ്ടു പോയത്. ഭയപ്പെട്ട് വ്യസനത്തിലായിരുന്ന ശിഷ്യര്‍ക്ക് മുന്നില്‍ ഉത്ഥിതന്‍ തന്നെത്തന്നെ അവതരിപ്പിച്ചതും അവരുടെ മേല്‍ ഊതിക്കൊണ്ട് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പറഞ്ഞതുമായ ഭാഗമാണ് പാപ്പാ വിശദീകരിച്ചത്.

യേശുവിന്റെ മരണത്തോടെ പ്രത്യാശ നശിച്ച ശിഷ്യര്‍ ഭയത്താല്‍ വാതിലടച്ചിരുന്നപ്പോള്‍ അവര്‍ സ്വയം അടച്ചിട്ടതായി പാപ്പാ വിശദീകരിച്ചു.

എന്നാല്‍ ഉത്ഥിതനായ യേശു പരിശുദ്ധാത്മാവിന്റെ വരത്താല്‍ ശിഷ്യരെ ഭയത്തില്‍ നിന്ന് മോചിപ്പിക്കാനും അങ്ങനെ അവര്‍ പുറത്തിറങ്ങി സുവിശേഷത്തിന്റെ സാക്ഷികളും പ്രഘോഷകരുമായി മാറ്റാനും ആഗ്രഹിച്ചു.

ഇവിടെ ഭയത്താല്‍ വാതിലുകള്‍ അടച്ചിട്ട അപ്പസ്‌തോലന്മാരെപ്പോലെ നാം സ്വയം അടച്ചൂ പൂട്ടുന്നു. 'ഇങ്ങനെ എത്ര പ്രാവശ്യം നാം സ്വയം അടച്ചിടും?' - പാപ്പ ചോദിച്ചു. വിഷമകരമായ സാഹചര്യത്തിലോ അല്ലെങ്കില്‍ വ്യക്തിപരമായ പ്രശ്നം നേരിടുമ്പോഴോ കഷ്ടപ്പാടുകള്‍ക്കു മുന്നിലോ തിന്മകള്‍ക്കു മുന്നിലോ നാം ധൈര്യമില്ലാത്തവരായി മാറുന്നു. പ്രത്യാശ നഷ്ടപ്പെട്ട് നാം നമ്മെത്തന്നെ ഉള്ളിലടയ്ക്കുന്നു. മുന്നോട്ട് പോകാനുള്ള ധൈര്യമില്ലാതാകുന്നു.

ഭയം മേല്‍ക്കൈ നേടുമ്പോഴാണ് നാം സ്വയം അടച്ചു പൂട്ടുന്നതെന്നും അതിന്റെ ഫലമായി ഹൃദയത്തിന്റെ വാതിലുകള്‍ അടച്ചു പൂട്ടപ്പെടുന്നുവെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പു നല്‍കി. ബുദ്ധിമുട്ടുകള്‍ തനിയെ നേരിടേണ്ടി വരുമെന്ന ഭയത്താല്‍ നിരാശപ്പെടുകയും അതിനെ തുടര്‍ന്ന് തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ നാം തളരുകയും എല്ലാവരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്യുമെന്നും പാപ്പ ഓര്‍മിപ്പിച്ചു.

ഇവിടെ ഉത്ഥിതന്റെ പ്രതിവിധിയായി സുവിശേഷം നമ്മുക്കു മുന്നില്‍ വാഗ്ദാനം ചെയ്യുന്നത് പരിശുദ്ധാത്മാവിനെയാണെന്ന് പാപ്പാ പറഞ്ഞു. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്‌തോലന്മാര്‍ മാളികമുറിയില്‍ നിന്ന് പുറത്തിറങ്ങി ലോകം മുഴുവന്‍ സഞ്ചരിച്ച് പാപമോചനം നല്‍കിയതും സുവിശേഷം പ്രഘോഷിച്ചതും ചൂണ്ടിക്കാണിച്ച് പാപ്പ തുടര്‍ന്നു. ഭയത്തിന്റെ തടവറയില്‍ നിന്ന് പരിശുദ്ധാത്മാവിനാല്‍ മോചനം നേടുന്നതിനായി പെന്തക്കുസ്ത തിരുനാള്‍ നമ്മെ ക്ഷണിക്കുന്നു. 'ഭയത്തെ മറികടക്കാന്‍ കഴിഞ്ഞതിനും വാതിലുകള്‍ തുറക്കപ്പെടുകയും ചെയ്തതിന് അവിടുത്തേക്ക് നന്ദി' - പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവ് നമുക്ക് ദൈവത്തിന്റെ സാമീപ്യം അനുഭവവേദ്യമാകുന്നു. അവന്റെ സ്‌നേഹം ഭയത്തെ ദൂരീകരിക്കുകയും വഴിതെളിക്കുകയും സമാശ്വസിപ്പിക്കുകയും പ്രതികൂല സാഹചര്യങ്ങളില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

നമുക്കും സഭയ്ക്കും മുഴുവന്‍ ലോകത്തിനും വേണ്ടി പരിശുദ്ധാത്മാവിനെ അഭ്യര്‍ത്ഥിക്കാനും ഒരു പുതിയ പെന്തക്കുസ്ത നമ്മെ അക്രമിക്കുന്ന ഭയങ്ങളെ അകറ്റി ദൈവസ്‌നേഹത്തിന്റെ ജ്വാലയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.