ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍ സ്ഥാനപതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍ സ്ഥാനപതി

ന്യൂഡല്‍ഹി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു.രാജിക്കത്ത് വത്തിക്കാന്‍ സ്വീകരിച്ചു. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.ജിയോപോള്‍ ദോ ജിറേല്ലി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ ഇനിമുതല്‍ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ സ്ഥാനപതി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

താന്‍ സ്വയം സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. ഇനി അദ്ദേഹം ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.

ഏവര്‍ക്കും നന്ദി പറയുന്നതായും താനൊഴുക്കിയ കണ്ണുനീര്‍ സഭയുടെ നവീകരണത്തിന് കാരണമാകുമെന്നും ബിഷപ്പ് ഫ്രാങ്കോ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ബിഷപ്പിനെതിരെ കന്യാസ്ത്രീ കൊടുത്ത പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ബിഷപ്പുമാരുടെ രാജി ഒരു സ്വഭാവിക നടപടി മാത്രമാണ്. പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചുവെന്നും പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി പറഞ്ഞു.

ഡല്‍ഹി അതിരൂപതാ സഹായ മെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ 2013 ലാണ് ജലന്തര്‍ രൂപതയുടെ ബിഷപ്പായി മാര്‍പാപ്പ നിയമിച്ചത്. ജലന്തറില്‍ വൈദികനായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 2009 ലാണ് ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിതനായത്.

തൃശൂര്‍ മുളയ്ക്കല്‍ ഐപ്പുണ്ണി-മേരി ദമ്പതികളുടെ മൂത്തമകനായ ഫ്രാങ്കോ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂര്‍ തോപ്പ് സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. നാഗ്പുര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനത്തിന് ശേഷം ജലന്ധര്‍ രൂപതയില്‍ നിന്നു 1990 ല്‍ വൈദികപട്ടം സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.