സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അൾത്താരയിൽ പോളിഷ് യുവാവിന്റെ ന​ഗ്നത പ്രദർശനം; പരിഹാരക്രിയ നടത്തി വത്തിക്കാൻ

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അൾത്താരയിൽ പോളിഷ് യുവാവിന്റെ ന​ഗ്നത പ്രദർശനം; പരിഹാരക്രിയ നടത്തി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: അത്യന്തം പരിപാപനമായ വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന അൾത്താരയിൽ ന​ഗ്നായി ഒരാൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഹാര ക്രിയകൾ നടത്തി. ജൂൺ ഒന്നിന് പോളണ്ടുകാരനായ യുവാവാണ് സുരക്ഷ വലയങ്ങൾ ഭേദിച്ച് അൾത്താരയ്ക്ക് സമീപമെത്തി ന​ഗ്നത പ്രദർശനം നടത്തിയത്.

യുക്രൈനിലെ കുട്ടികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് തന്റെ പുറത്ത് എഴുതിവെച്ചുകൊണ്ടാണ് യുവാവ് ബസലിക്കയുടെ അൽത്താരയിലേക്ക് ന​ഗ്നനായി പ്രവേശിച്ചത്. തന്റെ കൈയ്യിൽ സ്വയം മുറിവ് വരുത്തിയാണ് യുവാവ് പള്ളിക്കുള്ളിലേക്ക് ഓടി കയറിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വത്തിക്കാനിലെ സുരക്ഷ സംഘം ഉടൻ തന്നെ യുവാവിനെ പിടികൂടി ഇറ്റാലിയൻ പോലീസിനെ ഏൽപ്പിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആർച്ച്‌പ്രിസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ നേതൃത്വത്തിൽ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ശനിയാഴ്ച ഉച്ചയോടെ പരിഹാര ക്രിയകൾ നടത്തി. നിരവധി വിശ്വാസികൾ പ്രാർത്ഥനയിലും ചടങ്ങിലും പങ്കെടുത്തു. പാപ ചിന്തകളാണ് മനുഷ്യനെ അനുചിതവും നിന്ദ്യവുമായ ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കർദ്ദിനാൾ പ്രാർത്ഥനക്കിടെ പറഞ്ഞു.

'പാപത്തിന്റെ ഈ രൂപം ദൈവ ജനത്തിന്റെ പ്രവർത്തനങ്ങളെ വികലമാക്കുന്നുവെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. കർത്താവേ, ഞങ്ങൾ നിന്നോട് ക്ഷമ ചോദിക്കുന്നു, ഞങ്ങളെ ശുദ്ധീകരിക്കേണമേ'- കർദ്ദിനാൾ ഗാംബെറ്റി പ്രാർത്ഥിച്ചു. അപകീർത്തിക്ക് ശേഷം എത്രയും വേഗം പശ്ചാത്താപ ചടങ്ങ് നടത്തണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹാര ക്രിയകൾ നടത്തിയത്.

2016ലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരാൾ നഗ്നനായെത്തിയത് വലിയ വാർത്തയായിരുന്നു. ബ്രസീൽ വംശജനായ ഇറ്റാലിയൻ പൗരനായ ലൂയിസ് കാർലോസ് ആണ് വസ്ത്രമഴിച്ച് പള്ളിയിൽ പ്രവേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.