ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കുടുംബമൊന്നാകെ ജയിലില്‍; ജീവിത മാര്‍ഗമായിരുന്ന പശുവിനെ പുലി കൊന്നു

ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കുടുംബമൊന്നാകെ ജയിലില്‍; ജീവിത മാര്‍ഗമായിരുന്ന പശുവിനെ പുലി കൊന്നു

കൊല്ലം: രണ്ടരപ്പതിറ്റാണ്ടായി ശിവദാസന്റെ വീട്ടിലുള്ള ഷീറ്റുമേഞ്ഞ കാലിത്തൊഴുത്ത് ഇപ്പോള്‍ ശൂന്യമാണ്. പത്തനാപുരത്തിന് സമീപം പുന്നല ചെളിക്കുഴി തെക്കേക്കര പുത്തന്‍വീട്ടിലെ കാലിത്തൊഴുത്തില്‍ കറവയുള്ളതും കിടാങ്ങളും ഉള്‍പ്പെടെ 12 പശുക്കളും രണ്ട് പോത്തുകളുമാണ് ഉണ്ടായിരുന്നത്. ഓരോന്നിനെയായി ഇപ്പോള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. വെറും നാല് പശുക്കളേ ഇനി ശേഷിക്കുന്നുള്ളു.

കഴിഞ്ഞ ആഴ്ചയാണ് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ശിവദാസന്റെ കുടുംബമൊന്നാകെ ജയിലിലായത്. വന്യമൃഗ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞതോടെ വനംവകുപ്പ് കേസെടുക്കുമെന്ന് പേടിച്ച് ശിവദാസന്‍ ഒളിവില്‍പ്പോയി. ഭാര്യ സുശീല, ഇവരുടെ മകളും സര്‍ക്കാര്‍ ജീവനക്കാരിയുമായ സ്മിത എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ജയിലിലായി. അടുത്തദിവസം ശിവദാസനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ശിവദാസന്റെ മകന്‍ അരുണ്‍ എറണാകുളത്തെ ജോലിസ്ഥലത്തായിരുന്നു. ഇതോടെ തൊഴുത്ത് നിറഞ്ഞു നിന്ന കന്നുകാലികളെല്ലാം പട്ടിണിയിലായി. ചെറിയ കന്നുകുട്ടികള്‍ക്ക് രണ്ട് ദിവസം ദേഹമാസകലം ചാണകത്തില്‍ക്കുളിച്ചു കിടക്കേണ്ടിവന്നു. വീട്ടുകാരില്ലാത്ത സമയത്ത് ഒരു പശുവിനെ പുലി പിടിച്ചുകൊണ്ടും പോകുകയും ചെയ്തു.

വന്യമൃഗ ശല്യത്തെ തുടര്‍ന്ന് മറ്റ് കൃഷികളൊന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ശിവദാസന്‍ പശുവളര്‍ത്തലില്‍ മാത്രം ശ്രദ്ധയൂന്നിയിരിക്കുകയായിരുന്നു. ദിവസവും പുന്നലയില്‍ കൊണ്ടുപോയി പാല്‍വിറ്റ് മടങ്ങിവന്ന് പശുക്കളെ തീറ്റാനായി പോകുകയായിരുന്നു രീതി. ആദ്യമൊക്കെ രാവിലെ അഴിച്ചുവിടുന്ന പശുക്കള്‍ വൈകിട്ട് സ്വയം തൊഴുത്തില്‍ എത്തുമായിരുന്നു. മൃഗശല്യം കൂടിയതോടെ ദിവസവും ശിവദാസന്‍ പശുക്കള്‍ക്ക് കാവലായി ഒപ്പമുണ്ടായിരുന്നു. പശുക്കളെ വില്‍ക്കുന്നതില്‍ അച്ഛന് വളരെ വിഷമമുണ്ടെങ്കിലും മറ്റ് വഴിയില്ലാത്തിനാലാണ് വില്‍ക്കുന്നത് എന്നാണ് ശിവദാസന്റെ മകന്‍ അരുണ്‍ പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.