അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു; പ്രതിഷേധം ഉയര്‍ത്തിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്ത് നീക്കി

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ എത്തിച്ചു; പ്രതിഷേധം ഉയര്‍ത്തിയ പ്രദേശവാസികളെ അറസ്റ്റ് ചെയ്ത് നീക്കി

തേനി: മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍എത്തിച്ചു. തേനിയില്‍ നിന്ന് പിടികൂടിയ അരിക്കൊമ്പനെ 200 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് കളക്കാട് എത്തിച്ചത്. അരിക്കൊമ്പനെ എത്തിച്ച തിരുനെല്‍വേലി കളക്കാട് പരിസരത്ത് പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

15 കിലോമീറ്റര്‍ ഉള്ളില്‍ മാത്രമേ ആനയെ തുറന്നുവിടാന്‍ പാടുള്ളൂ എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്കയായിരുന്നു ഇവര്‍ക്ക്. എന്നാല്‍ പ്രതിഷേധം കടുത്തതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹര്‍ജിയില്‍ അരിക്കൊമ്പനെ തിങ്കളാഴ്ച കാട്ടില്‍ വിടരുതെന്ന് നിര്‍ദ്ദേശിച്ച മദ്രാസ് ഹൈക്കോടതി പിന്നീട് നിലപാട് മാറ്റിയതിനെ തുടര്‍ന്നാണ് ആനയെ മുണ്ടന്‍തുറൈയിൽ എത്തിക്കനായത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു റബേക്ക ജോസഫിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.

ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് ആനയെ മയക്കുവെടി വച്ചത്.

മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് നീങ്ങുന്നതിനിടെ ഹൈക്കോടതിയുടെ വിധിയെത്തി. തുടര്‍ന്ന് പെരുവഴിയില്‍ ആനയെ എന്തുചെയ്യണമെന്ന ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നതിനിടെയാണ് വിധി ഹൈക്കോടതി പിന്‍വലിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.