തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പ്രചാരണത്തെ പ്രതിരോധിക്കാനുള്ള മന്ത്രിമാരുടെ ബാധ്യത വിശദീകരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. വിഷയത്തെ കുടുംബ രാഷ്ട്രീയമാക്കി കത്തിക്കാനാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ റിയാസിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ മന്ത്രിമാരാരും പ്രതിരോധത്തിന് എത്താത്തുകൊണ്ടാണ് മരുമകന്‍കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ഈ വാദവുമായി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.
മുഖ്യമന്ത്രിയുടെ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് മന്ത്രിമാര്‍കൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണ് കുടുംബത്തിലെത്തന്നെ മറ്റൊരു അംഗമായ മന്ത്രി റിയാസ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നിലവില്‍ മറ്റുമന്ത്രിമാരാരും അഴിമതിയെ ന്യായീകരിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാര്‍ക്ക് റിയാസ് നല്‍കിയിരിക്കുന്നത്.
എ.ഐ. ക്യാമറാ ഇടപാടില്‍ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതോടെ മന്ത്രിസഭയിലും മുന്നണിയിലും മുഖ്യമന്ത്രി ഒറ്റപ്പെട്ടുപോയതിന്റെ പ്രതിഫലനമാണ് റിയാസിന്റെ പ്രതികരണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മൗനത്തിലാകുമ്പോള്‍ മന്ത്രിമാര്‍ പ്രതികരിക്കണമെന്നത് വിചിത്രമായ ന്യായം മന്ത്രി റിയാസിന്റെ മാത്രം നിരീക്ഷണപാടവമാണോയെന്നും ചെന്നിത്തല ചോദിച്ചു.
എന്നാല്‍ പാര്‍ട്ടിനിലപാട് വിശദീകരിക്കുക മാത്രമാണ് റിയാസ് ചെയ്തതെന്ന് ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. രാഷ്ട്രീയമായ കാര്യങ്ങള്‍ മന്ത്രിമാര്‍ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നാണ് റിയാസ് ഉദ്ദേശിച്ചത്. അക്കാര്യമാണ് പറഞ്ഞത്. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റൊരുതരത്തില്‍ എത്തിക്കുകയാണ് ചെയ്തത്.
മന്ത്രിമാരെല്ലാം ശരിയായ രാഷ്ട്രീയനിലപാട് വിശദീകരിക്കുന്നുണ്ട്. പ്രതികരിക്കണമെന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അല്ലാതെ മന്ത്രിമാരായിപ്പോയി എന്നുള്ളതുകൊണ്ട് ഇനിമുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ മിണ്ടാന്‍പാടില്ലെന്ന നിലപാട് സിപിഎമ്മിനില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ റിയാസ് നടത്തിയ പരാമര്‍ശമാണ് ചൂടേറിയ കുടുംബരാഷ്ട്രീയ ചര്‍ച്ചയിലേക്ക് വഴിവെച്ചത്. വിവാദങ്ങളിലടക്കം മന്ത്രിമാരാരും മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയെ ഭയന്നാണോയെന്ന ചോദ്യത്തിനായിരുന്നു റിയാസ് മറുപടിപറഞ്ഞത്. 'മന്ത്രിമാര്‍ വ്യക്തിപ്രതിച്ഛായയുടെ തടവറയിലല്ല. അങ്ങനെ കരുതുന്നവരുമല്ല ഈ മന്ത്രിസഭയിലെ അംഗങ്ങള്‍. രാഷ്ട്രീയം പറയാന്‍ ഉത്തരവാദിത്വമുള്ളവരാണ് മന്ത്രിമാര്‍. ഞാനിതുപറഞ്ഞാല്‍ എങ്ങനെയാകുമെന്ന ചിന്ത ഉണ്ടാകേണ്ടതില്ല. അത് വലതുപക്ഷ ചിന്താരീതിയാണ്' - ഇതായിരുന്നു റിയാസിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26