'ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദവും ഭീഷണിയും'; ആരോപണവുമായി ഗുസ്തി താരങ്ങള്‍

'ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദവും ഭീഷണിയും'; ആരോപണവുമായി ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെയുള്ള ലൈംഗിക പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ഗുസ്തിതാരങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്.

ബ്രിജ് ഭൂഷന്റെ ആളുകള്‍ ഇതേ ആവശ്യവുമായി ഭീഷണി സ്വരത്തില്‍ നിരന്തരം വിളിച്ച് ശല്യംചെയ്യുകയാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാക്ഷി മാലിക് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണ്. പരാതി പിന്‍വലിക്കുന്നതിനായി തങ്ങള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ദേശീയ താരങ്ങളായ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും പറഞ്ഞു.

അധികാരവും സ്വാധീനവും ഉപയോഗിച്ച് കേസന്വേഷണത്തെയും പരാതിക്കാരെയും സാക്ഷികളെയും ഭയപ്പെടുത്താന്‍ ശേഷിയുള്ള വ്യക്തിയായതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് തങ്ങള്‍ പ്രതിഷേധ സമരം ആരംഭിച്ചതു മുതല്‍ ആവശ്യപ്പെടുകയാണെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു. പക്ഷപാത രഹിതമായ അന്വേഷണത്തിന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമാണെന്നും സാക്ഷി പറഞ്ഞു.

ജൂണ്‍ പതിനഞ്ചിന് ശേഷം പ്രതിഷേധ സമരം സംബന്ധിച്ചുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ശനിയാഴ്ച നടന്ന മഹാപഞ്ചായത്തില്‍ തീരുമാനിച്ചതായി ബജ്റംഗ് പുനിയ അറിയിച്ചു.

കേസന്വേഷണത്തിനായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ സമയ പരിധി ജൂണ്‍ പതിനഞ്ചിനാണ് അവസാനിക്കുന്നത്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ബജ്റംഗ് പുനിയ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.