കരയാതിരിക്കാന്‍ നവജാത ശിശുവിന്റെ വായില്‍ പ്ലാസ്റ്ററൊട്ടിച്ചു, ഐസിയു ഡ്യൂട്ടിക്കിടെ നഴ്‌സിന്റെ കൊടും ക്രൂരത

കരയാതിരിക്കാന്‍ നവജാത ശിശുവിന്റെ വായില്‍ പ്ലാസ്റ്ററൊട്ടിച്ചു, ഐസിയു ഡ്യൂട്ടിക്കിടെ നഴ്‌സിന്റെ കൊടും ക്രൂരത

മുംബൈ: തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നവജാത ശിശുവിന്റെ കരച്ചില്‍ നിറുത്താന്‍ ചുണ്ടില്‍ പ്‌ളാസ്റ്ററൊട്ടിച്ച നഴ്‌സിനെ സസ്‌പെന്‍ഡു ചെയ്തു. മുംബൈയിലെ ഭാണ്ടൂപ്പ് വെസ്റ്റിലെ സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രിയില്‍ ജൂണ്‍ രണ്ടിനായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. നഴ്‌സിനെതിരെ നടപടി സ്വീകരിച്ചെങ്കിലും സംഭവത്തെക്കുറിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് ഇരുപത്തഞ്ചിനായിരുന്നു ഭാണ്ടൂപ്പ് നിവാസിയായ പ്രിയ കാംബ്ലയയുടെ പ്രസവം. പ്രസവിച്ചയുടനെ മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ ആണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൃത്യമായ ഇടവേളകളിലെത്തി കുഞ്ഞിനെ മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് രാത്രി മുലപ്പാല്‍ നല്‍കാന്‍ പ്രിയ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചുണ്ടില്‍ പ്ലാസ്റ്ററൊട്ടിച്ചത് കണ്ടത്.എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചെങ്കിലും നഴ്‌സിന്റെ ഭാഗത്തു നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല.

മുലപ്പാല്‍ നല്‍കണമെന്നും പ്ലാസ്റ്റര്‍ നീക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അടുത്ത ദിവസം രാവിലെ എട്ടിന് വന്ന് മുലപ്പാല്‍ നല്‍കാനായിരുന്നു നിര്‍ദേശം. രണ്ട് മണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണെന്നറിയിച്ചിട്ടും നഴ്‌സ് വഴങ്ങിയില്ല. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് മകന്റെ കരച്ചില്‍ നിറുത്താനാണ് പ്‌ളാസ്റ്റര്‍ ഒട്ടിച്ചതെന്ന് നഴ്‌സ് പറഞ്ഞത്.

രാത്രി ഒന്നോടെ പ്രിയ വീണ്ടും എത്തിയെങ്കിലും കുഞ്ഞിന്റെ ചുണ്ടിലെ പ്ലാസ്റ്റര്‍ നീക്കിയിരുന്നില്ല. മറ്റു ചില കുഞ്ഞുങ്ങളുടെ ചുണ്ടിലും ഇതേ രീതിയില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചത് കണ്ടതോടെ സ്ഥലത്തെ മുന്‍ കോര്‍പ്പറേഷന്‍ അംഗം ജാഗൃതി പാട്ടീലിനെ വിവരമറിയിച്ചു. അവരെത്തിയതോടെ കുഞ്ഞുങ്ങളുടെ ചുണ്ടിലെ പ്ലാസ്റ്റര്‍ മാറ്റുകയായിരുന്നു. ജാഗൃതി പാട്ടീല്‍ നല്‍കിയ പരാതിയിലാണ് ആശുപത്രി അധികാരികള്‍ നഴ്‌സിനെതിരേ നടപടിയെടുത്തത്.

അന്വേഷണത്തിന്റെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സാവിത്രിബായ് ഫുലെ മെറ്റേണിറ്റി ആശുപത്രി വിവാദത്തില്‍പ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയിലെ എന്‍ഐസിയുവില്‍ ഒരാഴ്ചയ്ക്കിടെ നാല് ശിശുക്കള്‍ മരിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.