'ട്വിറ്റര്‍ അടച്ചുപൂട്ടും; ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും': കര്‍ഷക സമര കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജാക്ക് ഡോര്‍സി

'ട്വിറ്റര്‍ അടച്ചുപൂട്ടും; ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യും': കര്‍ഷക സമര കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് ജാക്ക് ഡോര്‍സി

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഭീഷണിയും സമ്മര്‍ദവുമുണ്ടായിരുന്നെന്ന ആരോപണവുമായി ട്വിറ്റര്‍ സഹ സ്ഥാപകന്‍ ജാക്ക് ഡോര്‍സി.

കര്‍ഷകരുടെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ കമ്പനിക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദമുണ്ടായി എന്നാണ് ആരോപണം.

ഒരു അഭിമുഖത്തിലാണ് ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. അഭിമുഖത്തിനിടെ വിദേശ സര്‍ക്കാരുകളില്‍ നിന്ന് എന്തെങ്കിലും സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യണമെന്നായിരുന്നു മോഡി സര്‍ക്കാരിന്റെ ആവശ്യം. അനുസരിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ട്വിറ്റര്‍ അടച്ചുപൂട്ടും, ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നൊക്കെ ഭീഷണിപ്പെടുത്തിയതായും ജാക്ക് ഡോര്‍സി ആരോപിച്ചു.

അഭിമുഖം റീട്വീറ്റ് ചെയ്തുകൊണ്ട് രണ്‍ദ്വീപ് സിംഗ് സുര്‍ജേവാല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജാക്ക് ഡോര്‍സിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.