'ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കരുത്': ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍

'ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ നിയമ ലംഘനത്തിന് കൂട്ടുനില്‍ക്കരുത്': ഷെവലിയര്‍ അഡ്വ വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാ പരമായി സംരക്ഷണം നല്‍കേണ്ടവര്‍ നിയമ ലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

1982 ല്‍ മാര്‍ത്തോമ്മാ സഭ നിയമപരമായി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം വെല്ലുവിളിച്ചും 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇന്‍ജങ്ഷന്‍ ഓര്‍ഡര്‍ ലംഘിച്ചും അതിക്രമം നടക്കുമ്പോള്‍ അടിയന്തര ഇടപെടല്‍ നടത്താതെയുള്ള ആഭ്യന്തര ഭരണ സംവിധാനത്തിന്റെ നിഷ്‌ക്രിയത്വം സംശയമുളവാക്കുന്നു. ജീവന് പോലും ഭീഷണിയുണ്ടെന്നുള്ള കന്യാസ്ത്രീമാരുടെ വാക്കുകളും കണ്ണുനീരും കാണാതെ പോകാന്‍ മനസാക്ഷിയുള്ള സമൂഹത്തിനാകുമോ?

കോടതി വ്യവഹാരം നിലനില്‍ക്കെ ആശ്രമത്തിന്റെ മതില്‍ പൊളിക്കുക, സിസിടിവി കാമറകള്‍ നശിപ്പിക്കുക, കുടിവെള്ള പൈപ്പുകള്‍ പൊട്ടിച്ച് ജലം ലഭ്യമാക്കാതെ ജീവിതം പന്താടുക, അനധികൃതമായി ഭൂമി കൈയേറി വീടുകള്‍ സ്ഥാപിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും നിയമ സംവിധാനങ്ങള്‍ നോക്കുകുത്തികളാകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അത്യന്തം ഗുരുതരമായ നിയമ ലംഘനം മാത്രമല്ല മനുഷ്യാവകാശ ധ്വംസനവും ആണിത്.

സംഘടിത ഭീകര വാദം കേരളത്തില്‍ ശക്തി പ്രാപിക്കുന്നതിന്റെ മറ്റൊരു പതിപ്പാണ് കളമശേരിയില്‍ അരങ്ങേറിയത്. ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുവാന്‍ സാധ്യതകളേറെയാണ്. ആഗോളവും ദേശീയവുമായ ഭീകരവാദ അജണ്ടകള്‍ കേരളത്തില്‍ ആസൂത്രിതമായി നടപ്പിലാക്കുവാന്‍ സാക്ഷര സമൂഹം ആരെയും ഒരിക്കലും അനുവദിക്കരുത്.

കളമശേരിയിലെ സംഭവം ഒരു ചൂണ്ടുപലകയായി കേരളത്തിലെ ക്രൈസ്തവരും കാണണം. ജനങ്ങളെ ഭിന്നിപ്പിച്ചുള്ള വിഷം ചീറ്റലുകള്‍ ഇത്തരം അനിഷ്ഠവും നിയമത്തെ വെല്ലുവിളിക്കുന്നതുമായ സംഭവങ്ങള്‍ക്ക് പരിഹാരമോ, മറുപടിയോ അല്ല. വിഭാഗീയതയും വര്‍ഗീയതയും കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും നീതി നിഷേധങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കുമെതിരെ സാക്ഷര സമൂഹത്തിലെ മതേതര മനസുകള്‍ ഒന്നിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.