ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ അക്രമത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ഖമെന്‍ലോക് മേഖലയില്‍ രാത്രി വൈകിയുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ പലരെയും ചികിത്സയ്ക്കായി ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ ചിലരുടെ ശരീരത്തില്‍ മുറിവുകളും ഒന്നിലധികം വെടിയുണ്ടകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുക്കി- മെയ്തേയി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വംശീയ സംഘര്‍ഷം നടക്കുന്നത്.
വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം നടമാടുന്നത്. തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അക്രമി സംഘം ഗ്രാമീണരെ ഉപദ്രവിക്കുകയായിരുന്നു. നിരവധി വീടുകള്‍ തീവെച്ചു നശിപ്പിച്ചു. കൂടുതല്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
ഒരു മാസത്തിലേറെയായി നടന്നു വരുന്ന അക്രമങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായ പ്രശ്ന പരിഹാരം ഇതുവരെയും സാധ്യമായിട്ടില്ല.
ഇതിനിടെ മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.