ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

ഇ.ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ നില ഗുരുതരം; അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആന്‍ജിയോഗ്രാം ടെസ്റ്റില്‍ ഗുരുതര പ്രശ്നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്.

ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഇന്നലെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ മന്ത്രിയെ മര്‍ദിച്ചുവെന്ന ആരോപണവും ഡി.എം.കെ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ള മന്ത്രിമാരും ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചു.

നിലവില്‍ സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണെന്ന് സന്ദര്‍ശനത്തിന് ശേഷം ശേഖര്‍ ബാബു പറഞ്ഞു. വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഇസിജിയില്‍ വ്യതിയാനം ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചെവിക്ക് സമീപം നീരുണ്ട്. ബാലാജി ചോദ്യം ചെയ്യലിനിടെ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജയലളിതയുടെ ഭരണ കാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗത മന്ത്രിയായിരുന്ന സെന്തില്‍ ബാലാജി പിന്നീട് ഡി.എം.കെ.യില്‍ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ഇടങ്ങളില്‍ കഴിഞ്ഞ മാസം തുടര്‍ച്ചയായി എട്ടു ദിവസം ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു.

ഇതിന് തുടര്‍ച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ പന്ത്രണ്ടിടത്ത് ഇ.ഡി. റെയ്ഡ് നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.