ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് ബിപോര്‍ജോയ്: രണ്ട് മരണം, 22 പേര്‍ക്ക് പരിക്ക്, 23 മൃഗങ്ങള്‍ ചത്തു; നിരവധി മരങ്ങള്‍ കടപുഴകി

ഗുജറാത്ത് തീരത്ത് ആഞ്ഞടിച്ച് ബിപോര്‍ജോയ്: രണ്ട് മരണം, 22 പേര്‍ക്ക് പരിക്ക്, 23 മൃഗങ്ങള്‍ ചത്തു; നിരവധി മരങ്ങള്‍ കടപുഴകി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കരതൊട്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് കനത്ത നാശം വിതച്ച് മുന്നോട്ട്. ഇന്നലെ രാത്രിയാണ് ചുഴലിക്കാറ്റ് തീരത്തോട് അടുത്തത്. ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര കച്ച് തീരം പിന്നിട്ട ചുഴലിക്കാറ്റ് വടക്കോട്ടാണ് നീങ്ങുന്നത്.

ഭാവ്നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു. ചുഴലിക്കാറ്റില്‍ 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23 മൃഗങ്ങള്‍ ചാവുകയും ചെയ്തു. നിരവധി മരങ്ങള്‍ കടപുഴകി.

ആയിരത്തിലധികം വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി.ആര്‍.എഫ്. സംഘം രക്ഷിച്ചു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്.

99 ട്രെയിനുകള്‍ പൂര്‍ണമായും 39 എണ്ണം ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇപ്പോള്‍ കാറ്റിന്റെ വേഗം കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഗുജറാത്തില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്.

നിരവധി ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. വൈദ്യുതി പോസ്റ്റുകള്‍ പലയിടത്തും തകര്‍ന്നിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ഇന്ന് രാജസ്ഥാനില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.