ന്യൂയോര്‍ക്ക്: റഷ്യയുടെ മിസൈലോ വിമാനമോ മറ്റ് എയര്‍ക്രാഫ്റ്റുകളോ തങ്ങളുടെ വ്യോമപരിധി ലംഘിച്ചാല്‍ വെടിവെച്ചു വീഴ്ത്തുമെന്ന മുന്നറിയിപ്പുമായി പോളണ്ട്. ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാ സമിതി യോഗത്തിലായിരുന്നു റഷ്യയ്ക്കെതിരേയുള്ള പോളണ്ടിന്റെ മുന്നറിയിപ്പ്.
കരുതിക്കൂട്ടിയോ അബദ്ധത്തിലോ അനുമതിയില്ലാതെ ഇനിയൊരു മിസൈലോ എയര്‍ക്രാഫ്റ്റോ തങ്ങളുടെ വ്യോമ പരിധിക്കുള്ളില്‍ പ്രവേശിക്കുകയും അത് വെടിവെച്ച് തകര്‍ക്കപ്പെടുകയും ചെയ്താല്‍, അതേക്കുറിച്ച് പരാതി പറയാന്‍ ദയവായി ഇങ്ങോട്ട് വരരുതെന്ന് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റാഡോസ്ലോ സികോര്‍സ്‌കി പറഞ്ഞു.
നേരത്തെ പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളുടെ അതിര്‍ത്തി ലംഘിക്കുകയും പോളണ്ടിനു മീതേ പറക്കുകയും ചെയ്യുന്ന വസ്തുക്കളെ ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ വെടിവെച്ചിടാനുള്ള തീരുമാനം ഞങ്ങള്‍ കൈക്കൊള്ളും'- ടസ്‌ക് പറഞ്ഞു.
ഈ മാസം ആദ്യം റഷ്യയുടെ ഇരുപത് ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമ പരിധിയില്‍ പ്രവേശിക്കുകയും നാറ്റോ ഇവ വെടിവെച്ചിടുകയും ചെയ്തിരുന്നു. റഷ്യയുടെ മൂന്ന് മിഗ് 31 വിമാനങ്ങള്‍ തങ്ങളുടെ വ്യോമ പരിധി ലംഘിച്ചതായി എസ്റ്റോണിയ വെള്ളിയാഴ്ച പറഞ്ഞിരുന്നു. തുരത്തുന്നതിന് മുന്‍പ് 12 മിനിറ്റോളമായിരുന്നു ഇവ എസ്റ്റോണിയയുടെ വ്യോമ പരിധിയില്‍ തുടര്‍ന്നത്.
റൊമാനിയയുടെ വ്യോമ പരിധിയിലും റഷ്യന്‍ ഡ്രോണ്‍ പ്രവേശിച്ച സംഭവമുണ്ടായിരുന്നു. എസ്റ്റോണിയയുടെ അഭ്യര്‍ഥന പ്രകാരം വിളിച്ചുചേര്‍ത്ത യുഎന്‍ യോഗത്തില്‍, റഷ്യന്‍ ജെറ്റുകളുടെ റഡാര്‍ രേഖകളും ചിത്രങ്ങളും കാണിച്ചു. യുദ്ധ സജ്ജമായി മിസൈലുകളും വഹിച്ചായിരുന്നു റഷ്യന്‍ വിമാനങ്ങള്‍ എത്തിയതെന്ന് എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി മാര്‍ഗസ് സഹ്ക്ന പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ വിദേശകാര്യമന്ത്രിയും റഷ്യക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ ഉക്രെയ്‌നിലും ബാള്‍ട്ടിക് കടലിലും കരിങ്കടലിലും കിഴക്കന്‍ യൂറോപ്പിലാകെയും പ്രവര്‍ത്തിക്കാമെന്നാണ് റഷ്യ കരുതുന്നതെന്നും തങ്ങളാകാം അടുത്ത ലക്ഷ്യമെന്ന ഭയത്തിലാണ് മോസ്‌കോയുടെ അയല്‍ രാജ്യങ്ങളെന്നും ഡെന്മാര്‍ക്ക് വിമര്‍ശിച്ചു.
റഷ്യയുടെ ഭാഗത്തു നിന്ന് തുടരെത്തുടരെ ഉണ്ടാകുന്ന വ്യോമപരിധി ലംഘനങ്ങളില്‍ പല യുറോപ്യന്‍ രാജ്യങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇനിയും വ്യോമ പരിധി ലംഘനമുണ്ടായാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് തക്കതായ മറുപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അവര്‍ റഷ്യക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം, തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെയെല്ലാം റഷ്യ നിരാകരിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്റ്റോണിയ പരാജയപ്പെട്ടെന്നും നാറ്റോ അംഗങ്ങള്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.