ടെക്സസ്: ഒരു കുട്ടിയെ കാണാതായി നിമിഷങ്ങൾക്കകം തന്നെ കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അധികാരം പൊലിസിന് കൊടുക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും. പ്രസ്തുത നിയമം അനുസരിച്ച് കുട്ടിയെ കാണാതായി ഉടനടി തന്നെ നിയമപാലകർക്ക് വിവരങ്ങൾ പൊതു ജനങ്ങൾക്ക് കൈമാറാൻ സാധിക്കും. HB3556 എന്ന ബില്ലിൽ ടെക്സസ് സംസ്ഥാന ഗവർണർ ഗ്രെഗ് ആബട്ട് ബുധനാഴ്ച ഒപ്പുവച്ചു.
ഒരു കുട്ടിയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടാലുടൻ തട്ടിക്കൊണ്ടു പോകൽ നടന്നതായി അന്വേഷകർ സ്ഥിരീകരിക്കുന്നത് വരെ കാത്തിരിക്കാതെ അലേർട്ട് അയയ്‌ക്കാൻ സാധിക്കും എന്നതാണ് ബില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. ആംബർ അലേർട്ട് സംവിധാനമാണ് നിലവിൽ തട്ടിക്കൊണ്ടു പോകൽ പൊതു ജനങ്ങളെ അറിയിക്കാനായി ഉപയോഗിക്കുന്നത്. ഇതിന് കാല താമസം എടുക്കും എന്നതിനാലാണ് പുതിയ ബില്ല് നിലവിൽ കൊണ്ടുവന്നിരിക്കുന്നത്.
2022 നവംബറിൽ കാണാതാവുകയും രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത നോർത്ത് ടെക്‌സാസിലെ ഏഴ് വയസ്സുള്ള പെൺകുട്ടി അഥീന സ്‌ട്രാൻഡിന്റെ പേരാണ് നിയമത്തിന് നൽകിയിരിക്കുന്നത്. മകളെ കാണാനില്ലെന്നറിഞ്ഞപ്പോൾ അഥീനയുടെ അമ്മ മൈറ്റ്‌ലിൻ ഗാൻഡി ആംബർ അലർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും അലേർട്ട് അയക്കാൻ കഴിഞ്ഞില്ല.അഥീനയെ കാണാതായി ഏകദേശം 24 മണിക്കൂറിന് ശേഷമാണ് ആംബർ അലർട്ട് പുറപ്പെടുവിച്ചത്. എന്നാൽ അലേർട്ട് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് നിർണ്ണയിച്ചു.
ജന പ്രതിനിധി ലിൻ സ്റ്റക്കി അവതരിപ്പിച്ച ബിൽ മെയ് ഒമ്പതിന് ടെക്സസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പാസാക്കി. തുടർന്ന് മെയ് 24 ന് ടെക്സസ് സെനറ്റ് പാസാക്കി. നിയമം ഉടനടി പ്രാബല്യത്തിൽ വരും. എന്നാൽ നിയമപാലകർക്ക് അലേർട്ട് സിസ്റ്റം ഉപയോഗിച്ച് തുടങ്ങാൻ എത്ര പെട്ടെന്ന് കഴിയുമെന്ന് വ്യക്തമല്ല.
ആംബർ അലർട്ട് എന്താണ്?
ആർലിംഗ്ടണിലെ ഒമ്പത് വയസ്സുകാരി ആംബർ ഹാഗർമാനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയതിനെത്തുടർന്നാണ് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ രക്ഷപെടുത്താനായി പ്രാദേശിക മാധ്യമങ്ങൾ പൊലീസുമായി ചേർന്ന് 1996-ൽ ആംബർ അലേർട്ട് പ്രഖ്യാപിച്ചത്. കുട്ടികളെ കാണാതാകുമ്പോൾ നിയമ പരിപാലന ഏജൻസികൾ ഇതുപയോഗിച്ച് അലർട് നൽകും. കാണാതായ കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ, അവസാനം കണ്ട സ്ഥലങ്ങൾ തുടങ്ങിയവയും അലർട്ടിനൊപ്പമുണ്ടാകും. ആംബർ ഹാഗർമാനെ തട്ടിക്കൊണ്ടുപോയി 27 വർഷം കഴിഞ്ഞിട്ടും കൊലയാളിയെ പിടികൂടിയിട്ടില്ല എന്നതും വസ്തതുതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.