പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള പനി രോഗങ്ങള്‍ ബാധിച്ച് നിരവധിപ്പേരാണ് ചികിത്സ തേടുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നലെ 79 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രോഗ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആയി. എറണാകുളം ജില്ലയില്‍ വ്യാപകമായി പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേര്‍ക്കാണ് ജില്ലയില്‍ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ് തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ, ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടാനും മന്ത്രി നിര്‍ദേശിച്ചു.
വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ തുടങ്ങിയതാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണം. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മണിപ്ലാന്റ് പോലെ വെള്ളത്തില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്ന സാഹചര്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.