ചിക്കാഗോ മാര്‍തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാനാ തിരുനാള്‍ ജൂണ്‍ 30 മുതല്‍

ചിക്കാഗോ മാര്‍തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാനാ തിരുനാള്‍ ജൂണ്‍ 30 മുതല്‍

ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ സീറോ മലബാര്‍ പള്ളിയായ ചിക്കാഗോ മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലില്‍ ദുക്‌റാനാ തിരുനാള്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 10 വരെ ഭക്തി നിര്‍ഭരമായി ആചരിക്കും. തിരുനാളിനോട് അനുബന്ധിച്ച് വചന പ്രഘോഷണങ്ങള്‍, ഭക്തി നിര്‍ഭരമായ തിരുനാള്‍ കര്‍മ്മങ്ങള്‍, പ്രൗഡ ഗംഭീരമായ ദീപാലങ്കാരങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, സ്‌നേഹവിരുന്ന്, കരിമരുന്ന്, കലാപ്രകടനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

തിരുനാളിന് കാര്‍മികത്വം വഹിക്കാന്‍ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദിക ശ്രേഷ്ഠരും ഷിക്കാഗോയില്‍ എത്തിച്ചേരും. തിരുനാളിന്റെ ആരംഭ ദിവസമായ ജൂണ്‍ 30 ന് വൈകുന്നേരം ഏഴിന് കുട്ടികള്‍ക്കായുള്ള പ്രത്യേക കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ജൂലൈ ഒന്നിന് രൂപതയുടെ 22-ാം വാര്‍ഷികവും റിലീജിയന്‍സ് ഡേയും നടത്തും. രാവിലെ 8.30 ന് ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, ഫാ. പോള്‍ ചാലിശേരി, ഫാ. തോമസ് കടുകപ്പള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ജൂലൈ രണ്ടിന് രാവിലെ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വിവാഹ വ്രത നവീകരണ ധ്യാനവും നടക്കും. വിവാഹ വ്രത നവീകരണത്തില്‍ ഇടവകയിലെ 500റിലധികം ദമ്പതികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ തങ്ങളുടെ വിവാഹ ഉടമ്പടി നവീകരിക്കും.

ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാള്‍ കൊടിയേറ്റും തുടര്‍ന്ന് ഒന്നു മുതല്‍ മൂന്നുവരെ 'വിശപ്പകറ്റാന്‍ ഒരു കൈത്താങ്ങ് 'എന്ന പേരില്‍ ഇടവകയിലെ യുവജനങ്ങള്‍ നടപ്പാക്കുന്ന ചാരിറ്റി പദ്ധതിയും ക്രമീകരിക്കിരിച്ചിട്ടുണ്ട്. ഇതിലൂടെ 30,000ത്തോളം ഭക്ഷണ പൊതികള്‍ തയാറാക്കി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും.

ജൂലൈ മൂന്നിന് രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30 നടക്കുന്ന റാസാ കുര്‍ബാനയക്ക് ഷിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. കുര്യന്‍ നെടുവെളിച്ചാലുങ്കല്‍, ഫാ. പോള്‍ ചാലിശേരി, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ജൂലൈ നാലു മുതല്‍ ഒന്‍പതു വരെ എല്ലാ ദിവസവും രാവിലെ 8.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. പോള്‍ ചാലിശേരി, മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ തുടങ്ങിയവര്‍ കാര്‍മികരാകും. ജൂലൈ ആറിന് രാവിലെ 7.30 വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോയ് ആലപ്പാട് കാര്‍മികനാകും.

ഏഴിന് വൈകുന്നേരം അഞ്ചിന് ജദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കത്തീഡ്രലിലെ കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം. എട്ടിന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ഇംഗ്ലീഷ് റാസാ കുര്‍ബാനയില്‍ ഫാ. ജോബി ജോസഫ്, ഫാ. ജോയല്‍ പയസ്, ഫാ. മെല്‍വിന്‍ പോള്‍, ഫാ. രാജീവ് വലിയവീട്ടില്‍, ഫാ. ജോര്‍ജ് പാറയില്‍, ഫാ. തോമസ് പുളിക്കല്‍ എന്നിവര്‍ കാര്‍മികരാവും.

വൈകുന്നേരം ഏഴിന് നടക്കുന്ന സീറോ മെഗാ ഷോയില്‍ ആയിരത്തിലധികം ഇടവകാംഗങ്ങള്‍ പങ്കാളികളാവും. ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ബിഷപ് മാര്‍ ജോയ് ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഫാ. ജോര്‍ജ് ഡാനാവേളില്‍ വചനപ്രഘോഷണം നടത്തും. രാത്രി ഏഴിന് ആഘോഷമായ റാസയ്ക്ക് ശേഷം തുര്‍ന്ന് സ്‌നേഹവിരുന്നും കരിമരുന്ന് കലാപ്രകടനവും നടത്തും.

ജൂലൈ 10 ന് പരേതര്‍ക്കായുള്ള പ്രത്യേക കുര്‍ബനയും ധൂപപ്രാര്‍ഥനയും നടത്തും. തിരുനാള്‍ കൊടിയിറക്ക് ദിവസമായ ജൂലൈ 16 ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ന് സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കലും അതിനു ശേഷം സ്‌നേഹവിരുന്നോടും കൂടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് വികാരി ഫാ. തോമസ് കടുകപള്ളില്‍, സഹ വികാരി ഫാ. ജോബി ജോസഫ്, ട്രസ്റ്റിമാരായ പോള്‍ വടകര, രാജി മാത്യു, ബ്രിയാന്‍ കുഞ്ചറിയാ, ഷെന്നി പോള്‍, ദിനാ പുത്തന്‍പുരയ്ക്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍മാരായ ജോണി വടക്കുംചേരില്‍, ജോണി മാനാഞ്ചേരില്‍,സജി വര്‍ഗീസ്, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഡേവിഡ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.