ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എല്ലാം വ്യാജം; നിഖിലിനെതിരെ കര്‍ശന നടപടി വേണമെന്ന് കലിംഗ സര്‍വകലാശാല

ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എല്ലാം വ്യാജം; നിഖിലിനെതിരെ കര്‍ശന നടപടി വേണമെന്ന് കലിംഗ സര്‍വകലാശാല

തിരുവനന്തപുരം: എംകോം പ്രവേശനത്തിനായി എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല. ഇക്കാര്യം കേരള സര്‍വകലാശാല അധികൃതരെ ഔദ്യോഗികമായി അറിയിച്ചു.

നിഖില്‍ തോമസ് എന്ന വിദ്യാര്‍ഥിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തിട്ടില്ല. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന സിലബസ് പോലും സര്‍വകലാശാലയുടെതല്ലെന്നും കലിംഗ സര്‍വകലാശാല വ്യക്തമാക്കി. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസി, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എല്ലാം വ്യാജമാണെന്നും കേരള സര്‍വകലാശാലയെ അധികൃതര്‍ അറിയിച്ചു. വ്യാജരേഖ ചമച്ച വിദ്യാര്‍ഥിക്കെതിരെ കര്‍ശന നടപടി വേണമെന്നും കേരള സര്‍വകലാശാല രജിസ്ട്രറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെട്ടു.

അതേസമയം എസ്എഫ്ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും.

നിഖിലിനെ കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളുടെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവില്‍ പോയതെന്നാണ് പൊലീസിന്റെ സംശയം.

നിഖിലിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിക്കുന്നത് തിരുവനന്തപുരത്താണ്. കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖില്‍ ഒളിവില്‍ പോകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.