ന്യൂഡല്‍ഹി: മണിപ്പുരില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ജൂലൈ രണ്ടിന് പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്ക മെത്രാന് സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു.വിശുദ്ധ കുര്‍ബാന മധ്യേ മണിപ്പുരില്‍ സമാധാനത്തിനും സൗഹാര്‍ദത്തിനായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും എല്ലാ ഇടവകകളിലും ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സമര്‍പ്പിച്ച് ഒരു മണിക്കൂറെങ്കിലും ദിവ്യ കാരുണ്യ ആരാധന നടത്തണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭ്യര്‍ഥിച്ചു. കത്തോലിക്ക സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമാണ് പ്രാര്‍ഥനാ ദിനം ആചരിക്കുക.
മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ സമാധാന സന്ദേശം മറ്റുള്ളവരിലേക്കും പകരുക, മണിപ്പുരില്‍ ഭരണഘടന വിരുദ്ധമായി നടക്കുന്ന ദുസ്ഥിതിക്കെതിരെ കേന്ദ്ര സര്‍ക്കാരില്‍ ആശങ്ക അറിയിക്കാന്‍ സംഘടനകളെയും പ്രസ്ഥാനങ്ങളെയും എന്ജിഒകളെയയും പ്രോത്സാഹിപ്പിക്കുക, മണിപ്പുരില്നിന്നുള്പ്പെടെ പലായനം ചെയ്ത് എത്തുന്ന ജനങ്ങളെ ദയാപൂര്‍വം പരിഗണിക്കുക, സഭയുടെ എല്ലാ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സിബിസിഐ നല്‍കിയിട്ടുണ്ട്.
മണിപ്പുരിലെ ദുരിതബാധിതര്‍ക്കിടയില്‍ കത്തോലിക്ക സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്ത്യ നിസ്തുലമായ സേവനമാണ് നടത്തി വരുന്നതെന്ന് സിബിസിഐ അറിയിച്ചു.
ഇതിനോടകം 14,000 പേരിലേക്ക് സഹായമെത്തിക്കാന്‍ സംഘടനക്ക് സാധിച്ചു. ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുക, സമുദായങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി കാരിത്താസ് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യയെ സഹായിക്കാന്‍ സഭാസ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്നും സിബിസിഐ അഭ്യര്‍ഥിച്ചു.
സഹായമെത്തിക്കേണ്ട അക്കൗണ്ട് നമ്പറും വിലാസവും ചുവടെ: Account name: Caritas India; Account Number: 0153053000007238; Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi - 110 001; Bank's IFSC Code: SIBL0000153.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.