പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; നിയമ പോരാട്ടം തുടരും

പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; നിയമ പോരാട്ടം തുടരും

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായ സാഹചര്യത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍.

ഇനി പോരാട്ടം തെരുവില്‍ അല്ലെന്നും കോടതിയിലാണെന്നും താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ബജ്രംഗ് പുനിയ, വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിലാണ് താരങ്ങള്‍.

ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി താരങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജൂണ്‍ 15 ഓടെ കുറ്രപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതോടെ സമരം താല്‍കാലികമായി മരവിപ്പിച്ചിരുന്നു.

ഇതിനിടെ ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഗുവാഹത്തി ഹൈക്കോടതി സ്റ്റേ ചെയ്തു. ദേശീയ ഗുസ്തി ഫെഡറേഷനും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും കായിക മന്ത്രാലയത്തിനും എതിരെ അസാം ഗുസ്തി ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഫെഡറേഷന്റെ അഫിലിയേറ്റഡ് അംഗമാകാന്‍ അസാം ഗുസ്തി ഫെഡറേഷന്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിക്കാത്തതിലാണ് ഹര്‍ജി. അംഗത്വം ലഭിച്ച് തങ്ങളുടെ പ്രതിനിധിയെ ഇലക്ടറല്‍ കോളജിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്നായിരുന്നു അസാം ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.