ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ട് മരണം; 200ൽ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ട് മരണം; 200ൽ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

ഷിംല: ഹിമാചൽ പ്രദേശിലെ സോളൻ, ഹാമിർപൂർ, മാണ്ഡി ജില്ലകളിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ 200 ലധികം പ്രദേശവാസികളും വിനോദ സഞ്ചാരികളും കുടുങ്ങികിടക്കുകയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണെന്നും പൊലിസ് അറിയിച്ചു.

മാണ്ഡി ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് പ്രധാന ഹൈവേകളും അടച്ചു. മാണ്ഡി-കുള്ളു ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ഹൈവേകളിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളും വിനോദ സഞ്ചാരികളും മലനിരകളോട് ചേര്‍ന്നുള്ള റോഡുകളിൽ നില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയും മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം.

മേഘ വിസ്‌ഫോടനത്തിനു ശേഷം പെയ്ത മഴയുടെ ഫലമായി പലയിടങ്ങളിലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളോട് മടങ്ങിപ്പോകാനും അടുത്തുള്ള പട്ടണങ്ങളില്‍ താമസിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായി പെയ്ത മഴയില്‍ ബിയാസ് നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മേഘ വിസ്‌ഫോടനത്തിനു ശേഷം ഷിംല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്ക സാധ്യതയും അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ഒരാഴ്ച്ക്കാലമായി ഉത്തരേന്ത്യയില്‍ തുടരുന്ന മഴയില്‍ വലഞ്ഞിരിക്കുകയാണ് ജനം. ഇത്തവണ ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവര്‍ഷമെത്തിയത്. ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഗുരുഗ്രാം നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.