ന്യൂയോര്‍ക്: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പല്‍ സംബന്ധിച്ച ശാസ്ത്രീയ പര്യവേഷണങ്ങളെല്ലാം റദ്ദാക്കി. ടൈറ്റന്‍ ദുരന്തത്തെ തുടര്‍ന്നാണ് മുന്‍കൂട്ടി തീരുമാനിച്ച എല്ലാ പര്യവേഷണ പദ്ധതികളും റദ്ദാക്കിയതായി പര്യവേഷകരുടെ ക്ലബ് അറിയിച്ചത്.
1912 ഏപ്രില്‍ 15-ന് മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ നേരിട്ടു കാണാന്‍ നിരവധി യാത്രക്കാരാണ് കാത്തിരിക്കുന്നത്. അത്തരത്തില്‍ അന്വേഷിച്ചുപോയ ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റന്‍ എന്ന പേടകം കടലാഴങ്ങളില്‍ പൊട്ടിത്തെറിച്ച് യാത്രികര്‍ കൊല്ലപ്പെട്ടതോടെയാണ് ടൈറ്റാനിക് പര്യവേഷണങ്ങള്‍ക്ക് വിരാമമിടുന്നതായി പര്യവേഷക സംഘങ്ങള്‍ അറിയിച്ചത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് ഉയര്‍ത്തി കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അഞ്ചു പേരടങ്ങിയ പേടകത്തിന് ദുരന്തമുണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് ടൈറ്റാനിക് പര്യവേഷണത്തിന് മുന്‍കൂട്ടി തയാറാക്കിയ എല്ലാ പദ്ധതികളും റദ്ദാക്കിയതായി പര്യവേഷണ ക്ലബ്ബുകള്‍ അറിയിച്ചു. റദ്ദാക്കല്‍ എത്ര കാലത്തേക്കാണെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വര്‍ഷങ്ങളിലൊന്നും പര്യവേഷണം പുനനാരംഭിക്കില്ലെന്നാണ് വിവരം.
അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് ശാസ്ത്രീയ പര്യവേഷണങ്ങളൊന്നും ഇനി പദ്ധതിയിലില്ലെന്നാണ് ക്ലബ് അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ തയാറാക്കിയ പദ്ധതികള്‍ റദ്ദാക്കിയിട്ടുണ്ട്. വാണിജ്യ സന്ദര്‍ശനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്നും ക്ലബ് അറിയിച്ചു.
ന്യൂയോര്‍ക് കേന്ദ്രമാക്കിയാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. തന്റെ ജീവിതകാലത്തിനിടെ ഇനിയൊരു പര്യവേഷണവും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടൈറ്റാനിക്കിന്റെ നിര്‍മാണക്കമ്പനിയായിരുന്ന വൈറ്റ് സ്റ്റാര്‍ മെമ്മറീസ് ലിമിറ്റഡ് സി.ഇ.ഒ ഡേവിഡ് സ്‌കോട്ട് ബെഡ്‌റാഡ് പറഞ്ഞു. ടൈറ്റാനിക്കിനെ സംബന്ധിച്ച് ഭാവിയില്‍ ഗവേഷണങ്ങള്‍ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഈ ദുരന്തത്തെ സംബന്ധിച്ച് അന്വേഷണം വേണം. കൂടുതല്‍ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ് - അദ്ദേഹം വ്യക്തമാക്കി.
2023 ജൂണ്‍ 18നാണ് ഓഷ്യന്‍ ഗേറ്റിന്റെ പര്യവേഷണ പേടകം ടൈറ്റന്‍ അറ്റ്‌ലാന്റിക്കിന്റെ 12,500 അടി താഴ്ചയില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടി യാത്ര പുറപ്പെട്ടത്. ഓഷ്യന്‍ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടണ്‍ റഷ് (61), ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ് (58), ടൈറ്റാനിക് പര്യവേഷകനായ പോള്‍ ഹെന്റി നര്‍ഗോലെറ്റ് (77), പാക് സ്വദേശിയായ ബിസിനസുകാരന്‍ ഷഹ്‌സാദ് ദാവൂദ് (48), മകന്‍ 19 കാരനായ സുലൈമാന്‍ എന്നിവരാണ് പേടകത്തില്‍ യാത്രികരായി ഉണ്ടായിരുന്നത്.
ഓഷ്യന്‍ ഗേറ്റിന്റെ മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ ടൈറ്റന്‍ അറ്റ്‌ലാന്റിക്കില്‍ 10,000 അടി താഴെയായിരുന്നു. രണ്ടു മണിക്കൂര്‍ യാത്രയുടെ 1.45 മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞപ്പോഴാണ് പേടകവുമായുള്ള ബന്ധം നഷ്ടമായത്. പിന്നീട് തെരച്ചിലുകള്‍ക്ക് ഒടുവില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് 1600 അടി അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.