രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. നടപടികള്‍ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ കോടതി പിഴ വിധിച്ചു. 39 വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കര്‍ണാടക ഹൈക്കോടതിയില്‍ ട്വിറ്റര്‍ ഹര്‍ജി നല്‍കിയത്.

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും നടപടിയെടുക്കാനും ഒരു വര്‍ഷം വരെ സമയമെടുത്തത് എന്തിനാണെന്ന് കര്‍ണാടക ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളെ ട്വിറ്റര്‍ അവഗണിക്കുകയായിരുന്നു. ഇത്തരം ഉത്തരവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ട്വിറ്ററിന്റെ വാദം. ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് ട്വിറ്റര്‍ പ്രതിനിധികളുമായി 50 ഓളം ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളെ മുഖവിലയ്ക്കെടുക്കാതെയാണ് ട്വിറ്റര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചത്.

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നതാണ് ട്വിറ്ററിന്റെ ഉദ്ദേശ്യമെന്ന് കേന്ദ്രം കോടതിയെ ധരിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഉത്തരവുകളെ അവഗണിച്ച് നടപടികള്‍ വൈകിപ്പിച്ചതിനാണ് ട്വിറ്ററിന് കോടതി പിഴ ചുമത്തിയത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി ശരിവച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമം എല്ലാവരും പാലിക്കണമെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.