നീതികിട്ടാതെ പൊലിഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഓര്‍മ്മയ്ക്ക് ഇന്ന് രണ്ടാണ്ട്; മരണാനന്തരവും ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങള്‍!

നീതികിട്ടാതെ പൊലിഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഓര്‍മ്മയ്ക്ക് ഇന്ന് രണ്ടാണ്ട്; മരണാനന്തരവും ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങള്‍!

ഫാ. സ്റ്റാന്‍ സ്വാമിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. ആദിവാസികള്‍ അടക്കമുള്ള വിഭാഗത്തിനായി ജീവിതം സമര്‍പ്പിച്ച ഈ ജസ്യൂട്ട് വൈദികന്‍ അമിതാധികാരപ്രയോഗ വാഴ്ചയുടെ ഇരയായി മാറുകയായിരുന്നു. പുനെ ഭീമ കൊറേഗാവ് കേസില്‍പ്പെടുത്തി ജാര്‍ഖണ്ഡിലെ റാഞ്ചി ആശ്രമത്തില്‍ നിന്ന് കോവിഡ് കാലത്ത് എന്‍ഐഎ അറസ്റ്റ് ചെയ്തുകൊണ്ടുപോയ എണ്‍പത്തിനാലുകാരന്‍ മതിയായ ചികിത്സയോ പരിചരണമോ കിട്ടാതെ ഒമ്പതു മാസം മഹാരാഷ്ട്ര തലോജ ജയിലില്‍ കഴിഞ്ഞു.

ഗുരുതര പാര്‍ക്കിസന്‍സ് രോഗം ബാധിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ദ്രാവകരൂപത്തില്‍ ഭക്ഷണം കഴിക്കാനുള്ള സിപ്പര്‍ പോലും നിഷേധിക്കപ്പെട്ടു. 50 ദിവസത്തെ നിയമയുദ്ധത്തിന് ശേഷമാണ് സിപ്പര്‍ ലഭ്യമാക്കണമെന്ന കോടതി വിധി ജയില്‍ അധികൃതര്‍ അംഗീകരിച്ചത്. ഒടുവില്‍ കോവിഡ് ബാധിച്ച് ആരോഗ്യനില അങ്ങേയറ്റം വഷളായപ്പോഴും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. കോടതിയില്‍ 15 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ 2021 ജൂലൈ അഞ്ചിന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ കസ്റ്റഡിക്കൊലപാതകം എന്നാണ് രാജ്യാന്തര മനുഷ്യാവകാശ ഏജന്‍സികള്‍ വിലയിരുത്തിയത്.

അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലില്‍ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടെ കൂടുതല്‍ വ്യക്തമായിട്ടുണ്ട്. ആരുമില്ലാത്തവര്‍ക്കുവേണ്ടി സംസാരിക്കുകയും അവരുടെ പക്ഷം ചേരുകയും ചെയ്തു എന്ന കാരണത്താല്‍ ഫാ. സ്റ്റാനിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയായിരുന്നു. കേസില്‍ അകപ്പെടുത്താന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് വ്യാജ തെളിവുകള്‍ സൃഷ്ടിച്ചുവെന്ന് അമേരിക്കന്‍ അന്വേഷണഏജന്‍സിയായ ആഴ്സണല്‍ കണ്‍സള്‍ട്ടന്‍സി കണ്ടെത്തിയിരുന്നു.


ഫാ. സ്റ്റാന്‍ സ്വാമിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരെയും ഇത്തരത്തില്‍ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളില്‍ പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നവര്‍ക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍വഴി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം.

സാമൂഹ്യശാസ്ത്രത്തില്‍ രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദങ്ങള്‍ നേടിയ ഫാ. സ്റ്റാന്‍സിലാവൂസ് ലൂര്‍ദ്സ്വാമി എന്ന ഫാ. സ്റ്റാന്‍ സ്വാമി ജനനത്താല്‍ തമിഴ്നാട്ടുകാരന്‍ ആയിരുന്നു. സര്‍വകലാശാല അധ്യാപകവൃത്തി വിട്ടാണ് ജാര്‍ഖണ്ഡില്‍ എത്തി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത്. ആദിവാസികള്‍ അനുഭവിക്കുന്ന കൊടും ചൂഷണത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും അദ്ദേഹം മനസിലാക്കി. ഖനന മേഖലയിലെ കോര്‍പറേറ്റുകളുടെ അന്യായ നടപടികളെ എതിര്‍ക്കുന്ന ആദിവാസികളെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ ഫാ. സ്റ്റാന്‍ സ്വാമി നിയമവഴിയില്‍ നീങ്ങി. നൂറോളം കേസില്‍, പ്രതികളാക്കപ്പെട്ട ആദിവാസി യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ പിന്തുണയോടെ ഖനിമാഫിയ നടത്തിയ ശ്രമങ്ങളും പുറത്തുകൊണ്ടുവന്നു. ഈ വിഷയത്തില്‍ സമൂഹ മാധ്യമത്തില്‍ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലെ മുന്‍ ബിജെപി സര്‍ക്കാര്‍ ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. 'ഗോരക്ഷ' സംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ അദ്ദേഹം ഇരകളുടെ ഭാഗത്തു നിന്നു. ഇതോടെ കോര്‍പറേറ്റുകളുടെയും ബിജെപി നേതൃത്വത്തിന്റെയും കണ്ണിലെ കരടായി മാറിയ ഫാ. സ്റ്റാന്‍ സ്വാമിയെ ആസൂത്രിതമായി കേസില്‍ കുടുക്കി.


ഭീമ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 2018 ജനുവരിയില്‍ മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സര്‍ക്കാര്‍ എടുത്ത കേസില്‍ പ്രതികളാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 16 മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടെ അറസ്റ്റുചെയ്യുകയുണ്ടായി. ഫാ. സ്റ്റാന്‍ സ്വാമിക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍ നിന്ന് കിട്ടിയെന്നാണ് എന്‍ഐഎ അവകാശപ്പെട്ടത്. റാഞ്ചിയിലെ ആശ്രമത്തില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഈ തെളിവുകള്‍ അദ്ദേഹത്തിന്റെ ലാപ്ടോപ് ഹാക്ക് ചെയ്ത് തിരുകിക്കയറ്റിയതാണെന്ന് അമേരിക്കയിലെ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം ആഴ്സണല്‍ കണ്‍സള്‍ട്ടിങ് പിന്നീട് കണ്ടെത്തി.

2017നും 2019നും ഇടയിലാണ് ഇത്തരത്തില്‍ നാല്‍പ്പതോളം ഡിജിറ്റല്‍ ഫയലുകള്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്ടോപ്പില്‍ നിക്ഷേപിക്കപ്പെട്ടത്. ഭീമ കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലയാളി സാമൂഹ്യപ്രവര്‍ത്തകന്‍ റോണ വില്‍സണ്‍, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ കംപ്യൂട്ടറുകളിലും ഹാക്കിങ് വഴി കൃത്രിമത്തെളിവുകള്‍ നിക്ഷേപിച്ചെന്ന് ആഴ്സണല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മൂന്നുപേരും ഒരേ കേന്ദ്രത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് വിധേയരായതെന്ന് ആഴ്സണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തെ തുടര്‍ന്ന്, കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തില്‍ 2021 ജൂലൈ 25 ന് നടന്ന വെബിനാറില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞത്, അറിവുള്ളവന്റെ നിശബ്ദതയാണ് അറിവില്ലാത്തവന്റെ അക്രമത്തേക്കാള്‍ ഭയാനകവും ഭീകരവും എന്നാണ്. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. അറിവുള്ളവന്‍ സംസാരിച്ചാല്‍ ആ തുറന്നു പറച്ചിലിനെ അടിച്ചമര്‍ത്തുന്ന സംസ്‌കാരം. അക്രമം ഒഴിവാക്കി ക്രമം ഉണ്ടാക്കാനും ശാന്തിയും സമാധാനവും സൃഷ്ടിക്കാനുമുള്ള നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തെ ജനാധിപത്യത്തെയും സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഒരുതരം ഭീകരത. ആ ഭീകരതയിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത് എന്നുള്ളതിന്റെ അവസാനത്തെ തെളിവാണ് ഫാ. സ്റ്റാന്‍സ്വാമിയുടെ രക്തസാക്ഷിത്വം. അദ്ദേഹം നിലകൊണ്ടത് എല്ലാവരുടേയും നീതിയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹം ഓര്‍മ്മിക്കുകയുണ്ടായി.

ഫാ. സ്റ്റാന്‍സ്വാമിയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരാജയപ്പെട്ടത് താന്‍ ഉള്‍പ്പെടെ സേവനം ചെയ്ത ജുഡീഷ്യറിയാണ് എന്ന് വേദനയോടെ അദ്ദേഹം പറയുകയുണ്ടായി. കാരണം കോടതിയാണ് ഈ ഭരണഘടനയുടെ ഗാര്‍ഡിയന്‍. സംരക്ഷിക്കേണ്ടവന്‍ ഈ രാജ്യത്തെ സംരക്ഷിച്ചിരുന്നുവെങ്കില്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വളരെയേറെ മാനിക്കപ്പെട്ടേനെ. സ്വാതന്ത്ര്യത്തെ ജീവന്‍ വിലകൊടുത്തു വാങ്ങിതന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ നേട്ടത്തിന്റെ സംരക്ഷകരാകേണ്ടിയിരുന്നവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. പുലര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ പോലും പലപ്പോഴും വിവേചനം കാണിച്ചുവെന്നതും മറ്റൊരു വസ്തുതയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.


അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഫാ. സ്റ്റാന്‍സ്വാമിക്കു നിഷേധിക്കപ്പെട്ടു. ചികിത്സാ സഹായം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ ചികിത്സ നേരത്തെ കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ജയിലില്‍ വെച്ച് അദ്ദേഹത്തിന് കോവിഡ് ബാധിക്കില്ലായിരുന്നു. 84 വയസുള്ള, പാര്‍ക്കിന്‍സെന്‍സ് രോഗമുള്ള, കേള്‍വിക്കുറവുള്ള, ആരോഗ്യം ക്ഷയിച്ച, ശ്വാസകോശത്തിന് അസുഖമുള്ള ഒരു വ്യക്തിക്ക് സാധാരണ ജയിലില്‍ കിട്ടേണ്ടിയിരുന്ന മിനിമം മാനുഷിക പരിഗണനപോലും കിട്ടിയില്ല എന്നു പറയുമ്പോള്‍ നീതിയുടെ നിഷേധം എവിടെവരെ പോകുന്നു എന്ന് ആലോചിക്കുക. ജയിലിലാണെങ്കില്‍ പോലും നീതി നിഷേധിക്കാനോ മനുഷ്യവകാശം നിഷേധിക്കാനോ പാടില്ല. പക്ഷെ ഫാ. സ്റ്റാന്‍സ്വാമിയുടെ കാര്യത്തില്‍ ജയിലില്‍ മനുഷ്യവകാശത്തിന്റെ സംരക്ഷണം ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു പൗരനുണ്ടാകേണ്ട അവകാശങ്ങള്‍ എന്തുമാത്രം തമസ്‌കരിക്കപ്പെടുന്നുണ്ടെന്നും എന്തുമാത്രം അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും ചിന്തിക്കേണ്ടകാര്യമാണ്. എന്തുകൊണ്ട് നമ്മള്‍ ആരും ഇത് നമ്മെ ബാധിക്കുന്ന കാര്യമായി എടുത്തില്ല? നമ്മുടെ ഈ നിശബ്ദതയും നിര്‍വികാരതയും വളരെ ഞെട്ടിക്കുന്നതാണ്. ഇപ്രകാരമുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണം. അതുകൊണ്ട് ഫാ. സ്റ്റാന്‍സ്വാമിയെപോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് പ്രചോദനം മാത്രമല്ല ആവേശം കൂടിയാവണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഓര്‍മ്മപ്പെടുത്തിയിരുന്നു.

മരണാനന്തരം ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതി അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചിരുന്നു. നീതി കിട്ടാതെ ഫാ. സ്റ്റാന്‍ സ്വാമി ഏകാധിപത്യവാഴ്ചയിലെ വേട്ടയ്ക്ക് ഇരയായപ്പോള്‍ മൗനംപാലിച്ചവരുണ്ട്. സ്വന്തം കാര്യം നോക്കാന്‍ അറിയാത്തതിന്റെ കുഴപ്പമാണെന്ന് വിധിക്കുകയും ചെയ്തു. ഇപ്പോള്‍ മണിപ്പുര്‍ കലാപം ഇവരില്‍ പലരുടെയും കണ്ണ് തുറക്കാന്‍ ഇടയാക്കി എന്നുവേണം കരുതാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.