തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നാളെ യുഡിഎഫ് യോഗം ചേരും. മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കടുത്ത സമ്മര്‍ദ്ദമാണ് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കുന്നത്.
ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ലീഗ് തീരുമാനം പാര്‍ട്ടിയെ കാലാകാലങ്ങളായി പിന്തുണച്ചു പോരുന്ന സമസ്ത അടക്കമുള്ള സമുദായ സംഘടനകളെ അതൃപ്തരാക്കിയിട്ടുണ്ട്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം തള്ളുമ്പോഴും മുസ്ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിലാണ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്.
ദേശീയ തലത്തില്‍ ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സമര പരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അതിനാല്‍ തന്നെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അന്തിമ തീരുമാനമായിട്ടില്ല.
രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി മാത്രമാണ് സിപിഎം ഏക സിവില്‍ കോഡിനെ കാണുന്നതെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും വിഷയം ഗൗരവമായി കാണണമെന്നുമാണ് ലീഗിന്റെ ആവശ്യം.
നാളെ ചേരുന്ന യുഡിഎഫ് യോഗത്തില്‍ സിപിഎം രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചാവും ലീഗ് നേതാക്കള്‍ വിശദമാക്കുക. സമസ്തയെ മുസ്ലീം ലീഗിനും ലീഗിനെ കോണ്‍ഗ്രസിനും കൂടെ നിര്‍ത്തേണ്ടത് രാഷ്ട്രീയ അനിവാര്യതയായതിനാല്‍ ഏക സിവില്‍ കോഡില്‍ പ്രതിഷേധങ്ങളുടെ പരമ്പര തീര്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ഉത്തരവാദിത്തമായി മാറും.
എന്നാല്‍ ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കാത്തത് പ്രത്യക്ഷത്തില്‍ തിരിച്ചടിയാണെങ്കിലും ക്ഷണം ലീഗിലും യുഡിഎഫിലും ഉണ്ടാക്കിയ ആശയക്കുഴപ്പം ഭാവിയില്‍ ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. സമസ്ത എത്തുന്നതും സമസ്തയും ലീഗും തമ്മിലെ ഭിന്നത തുടരുന്നതും നേട്ടമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.