കലാപനീക്കം പരാജയപ്പെട്ടതിനു പിന്നാലെ വാഗ്‌നര്‍ മേധാവിയെ പുടിന്‍ കണ്ടു; വെളിപ്പെടുത്തി റഷ്യ

 കലാപനീക്കം പരാജയപ്പെട്ടതിനു പിന്നാലെ വാഗ്‌നര്‍ മേധാവിയെ പുടിന്‍ കണ്ടു; വെളിപ്പെടുത്തി റഷ്യ

മോസ്‌കോ: റഷ്യയില്‍ സൈനിക അട്ടിമറി നീക്കം പരാജയപ്പെട്ടതിനെതുടര്‍ന്ന് വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗ്‌നി പ്രിഗോഷിനുമായി പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി റഷ്യ. ജൂണ്‍ 29ന് പുടിന്‍ പ്രിഗോഷിനുമായി സംസാരിച്ചു എന്നാണ് വെളിപ്പെടുത്തല്‍. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് വാഗ്‌നര്‍ മേധാവിയുമായി പുടിന്‍ നടത്തിയത്. പ്രിഗോഷിന്‍ സേനയിലെ ഉന്നത കമാന്‍ഡര്‍മാരും സന്നിഹിതരായിരുന്നു

ജൂണ്‍ 24ന് സംഭവിച്ചതിനെ കുറിച്ച് പ്രസിഡന്റ് വിലയിരുത്തല്‍ നടത്തിയെന്ന് ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. വാഗ്‌നര്‍ സേനാംഗങ്ങള്‍ക്ക് റഷ്യന്‍ സേനയുമായി ചേര്‍ന്ന് സഹകരിക്കാന്‍ ഇനിയും അവസരമുണ്ടെന്നും കരാര്‍ പുതുക്കാവുന്നതാണെന്നും പുടിന്‍ ഉറപ്പുനല്‍കിയെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. രാജ്യത്തിന്റെ തലവന് വാഗ്‌നര്‍ ഗ്രൂപ്പ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ അവിഭാജ്യ ഘടകമായിരുന്നു പ്രിഗോഷിനും വാഗ്‌നര്‍ കൂലിപ്പടയും. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വാഗ്‌നറിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍. റഷ്യന്‍ സൈനിക നേതൃത്വവുമായി അതൃപ്തി പ്രകടിപ്പിച്ച പ്രിഗോഷിന്‍ ഇക്കഴിഞ്ഞ ജൂണ്‍ 24ന് തന്റെ കൂലിപ്പടയുമായി മോസ്‌കോ വളഞ്ഞത്.

വാഗ്‌നര്‍ സൈന്യം നടത്തിയ കലാപ നീക്കം 1999ല്‍ അധികാരമേറ്റതിന് ശേഷം പുടിന്‍ നേരിട്ട ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്നു. വാഗ്‌നര്‍ സൈന്യം തെക്കന്‍ നഗരമായ റോസ്തോവ് പിടിച്ചെടുക്കുകയും തലസ്ഥാനമായ മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സര്‍ക്കാരിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിച്ച കലാപനീക്കം സൈന്യമിടപെട്ട് തടയുകയായിരുന്നു. കലാപശ്രമം പരാജയപ്പെട്ടതോടെ സൈന്യത്തെ അഭിനന്ദിച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു.

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കലാപ നീക്കത്തില്‍ നിന്ന് പ്രിഗോഷിന്‍ പിന്മാറിയത്. എന്നാല്‍ സര്‍ക്കാരിനെ അട്ടമറിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും ഉക്രെയ്ന്‍ യുദ്ധത്തില്‍ വീഴ്ച വരുത്തിയ സൈനിക മേധാവികള്‍ക്കെതിരെയാണ് തന്റെ നീക്കമെന്നുമായിരുന്നു പിന്നീട് പ്രിഗോഷിന്‍ വ്യക്തമാക്കിയത്.

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം പ്രിഗോഷിന്‍ ബെലാറസിലേയ്ക്ക് തിരിക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം വീണ്ടും റഷ്യയിലേക്ക് എത്തിയതായി അലക്സാണ്ടര്‍ ലുകാഷെങ്കോ അറിയിച്ചു. കൂടാതെ, ബെലാറസിലേയ്ക്ക് പോകാനുള്ള കരാര്‍ വാഗ്‌നര്‍ സൈനികര്‍ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.