പ്രതിഷേധം സിപിഎം പാര്‍ട്ടി പരിപാടിയാക്കി; ഏക സിവില്‍ കോഡ് സെമിനാറില്‍ സിപിഐ പങ്കെടുക്കില്ല

പ്രതിഷേധം സിപിഎം പാര്‍ട്ടി പരിപാടിയാക്കി; ഏക സിവില്‍ കോഡ് സെമിനാറില്‍ സിപിഐ പങ്കെടുക്കില്ല

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനം.

പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ സമരത്തിന് സമാനമായ ഒരു ഇടതുപക്ഷ കൂട്ടായ്മയായിരുന്നു സിവില്‍ കോഡിന്റെ കാര്യത്തിലും വേണ്ടതെന്ന നിലപാടാണ് സിപിഐക്കുള്ളത്.

ഇടത് മുന്നണിയെന്ന രീതിയില്‍ നടത്തേണ്ട സെമിനാര്‍ പാര്‍ട്ടി പരിപാടിയായി സിപിഎം ചുരുക്കിയതും അതിലേക്ക് ലീഗിനെ ക്ഷണിച്ചതുമാണ് വിട്ടു നില്‍ക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചത്. ദേശീയ കൗണ്‍സില്‍ നടക്കുന്നതിനാലാണ് നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനാല്‍ കാനം രാജേന്ദ്രന്‍ ദേശീയ കൗണ്‍സില്‍ യോഗത്തിന് പോകുന്നില്ലെങ്കിലും സെമിനാറില്‍ പങ്കെടുക്കില്ല. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം സമ്മര്‍ദം ചെലുത്തുന്നുണ്ട്.

സെമിനാറിന്റെ സംഘാടക സമിതിയില്‍ സിപിഐ ജില്ലാ നേതാക്കള്‍ ഭാരവാഹികളാണ്. സെമിനാറിന്റെ പൊതുലക്ഷ്യത്തോട് എതിര്‍പ്പില്ലാത്തതിനാല്‍ ജില്ലാ നേതാക്കള്‍ക്ക് അതുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മൂന്ന് ദിവസമാണ് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ ചേരുന്നത്. 15 നാണ് കോഴിക്കോട്ട് സിപിഎം സെമിനാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.