ബെംഗളൂരു പ്രതിപക്ഷ യോഗത്തില്‍ സോണിയ ഗാന്ധി പങ്കെടുക്കും; 24 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം

ബെംഗളൂരു പ്രതിപക്ഷ യോഗത്തില്‍ സോണിയ ഗാന്ധി പങ്കെടുക്കും; 24 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം

ബെംഗളൂരു: ബെംഗളൂരു വില്‍ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ അടുത്ത യോഗത്തില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കും. ജൂലൈ 17,18 തീയതികളില്‍ നടക്കുന്ന യോഗത്തിലേക്ക് 24 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ആദ്യ യോഗം ജൂണ്‍ 23 ന് ബീഹാറിലെ പട്‌നയില്‍ നടന്നിരുന്നു.

24 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ജൂലൈ 17 ന് ബെംഗളൂരുവില്‍ യോഗം ചേരും. തുടര്‍ന്ന് അടുത്ത ദിവസം കൂടുതല്‍ ഔപചാരിക ചര്‍ച്ചകള്‍ നടത്തും. കക്ഷികള്‍ തമ്മിലുള്ള വിശാല യോജിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കള്‍ പാര്‍ട്ടി (കെഡിഎംകെ), വിടുതലൈ ചിരുതൈകള്‍ പാര്‍ട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഐയുഎംഎല്‍), കേരള കോണ്‍ഗ്രസ്. (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) തുടങ്ങിയ എട്ട് പുതിയ പാര്‍ട്ടികള്‍ ജൂലൈ 17 ന് യോഗം ചേരാന്‍ സാധ്യതയുണ്ട്.

മഹാരാഷ്ട്രയില്‍ ശരദ് പവാറിനെതിരായ അജിത് പവാറിന്റെ കലാപത്തെത്തുടര്‍ന്ന് എന്‍സിപി പിളര്‍ന്നതിന് പിന്നാലെ ജൂലൈ 13 ന് നടക്കാനിരുന്ന യോഗം മാറ്റുകയായിരുന്നു. പട്‌നയില്‍ നടന്ന ആദ്യ യോഗത്തില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാന്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് പരസ്യമായി പിന്തുണയ്ക്കുന്നതുവരെ ഏതെങ്കിലും സമ്മേളനത്തിന്റെ ഭാഗമാകുന്നത് ബുദ്ധിമുട്ടാണെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞതോടെ വിള്ളലുകള്‍ ഉയര്‍ന്നു. എന്നാല്‍ പട്‌ന യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഭിന്നതകള്‍ മാറ്റിവെച്ച് ഒരു പൊതു അജണ്ടയിലും സംസ്ഥാനതല തന്ത്രത്തിലും തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.