രാജ്യത്തിന്റെ ചാന്ദ്ര സ്വപ്‌നങ്ങളുമായി ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം ഉച്ചകഴിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയില്‍

രാജ്യത്തിന്റെ ചാന്ദ്ര സ്വപ്‌നങ്ങളുമായി  ചന്ദ്രയാന്‍ 3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം ഉച്ചകഴിഞ്ഞ്  2.35 ന് ശ്രീഹരിക്കോട്ടയില്‍

തിരുവനന്തപുരം: രാജ്യത്തിന്റെ ചാന്ദ്ര സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി ചന്ദ്രയാന്‍ 3 ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിക്കും. വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ സര്‍വ സജ്ജം.

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക.

അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണ പഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.

ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. പിന്നീട് ലാന്‍ഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.

അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇന്ന് വിക്ഷേപണം കാണാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ട്.

ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് നിരവധി മാറ്റങ്ങള്‍ ചന്ദ്രയാന്‍ മൂന്നില്‍ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാന്‍ഡറിന്റെ കാലുകള്‍ ബലപ്പെടുത്തി. ഓര്‍ബിറ്ററിനു പകരം പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ആണ് ലാന്‍ഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക.

ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയാല്‍ ഉടന്‍തന്നെ റോവര്‍ വേര്‍പെടും. ലാന്‍ഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങള്‍ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാര്‍ത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാന്‍ 3 ആണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.