ശ്രീനഗര്‍: സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 70 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്.
ലേയില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കള്‍ പൊലീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. പൊലീസും അര്‍ധ സൈനിക വിഭാഗവും സമരക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധക്കാര്‍ ബിജെപി ഓഫിസിന് തീയിട്ടു.
സംസ്ഥാനപദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിര്‍ന്ന പൗരന്മാര്‍ ഇന്നലെ തളര്‍ന്നുവീണിരുന്നു. തുടര്‍ന്ന് ലേ നഗരം സമ്പൂര്‍ണമായി അടച്ചിടാന്‍ പ്രതിഷേധക്കാരായ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരില്‍ രണ്ട് പേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെയാണ് എല്‍എബി യുവജന വിഭാഗം പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്തത്. കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നയിച്ച നിരാഹാര സമരവും പ്രദേശത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു.
അതേസമയം അക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രതിഷേധങ്ങള്‍ നയിക്കുന്ന ആളുമായ സോനം വാങ്ചുക് പ്രതികരിച്ചു. ഇത്തരം അസംബന്ധമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് യുവജനതയോട് അഭ്യര്‍ഥിക്കുകയാണ്. ഇതു നമ്മുടെ ആവശ്യത്തിനുമേല്‍ നഷ്ടങ്ങള്‍ വരുത്തുമെന്ന് വാങ്ചുക് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.