ബിഹാറില്‍ എന്‍ഡിഎ സീറ്റ് ധാരണ അവസാന ഘട്ടത്തില്‍; ചിറകു വിരിക്കുമോ ചിരാഗിന്റെ മോഹങ്ങള്‍?..

ബിഹാറില്‍ എന്‍ഡിഎ സീറ്റ് ധാരണ അവസാന ഘട്ടത്തില്‍; ചിറകു വിരിക്കുമോ ചിരാഗിന്റെ മോഹങ്ങള്‍?..

ബിഹാറില്‍ വീണാല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. തോല്‍വിയെ തുടര്‍ന്ന് നിതീഷ് കുമാര്‍ കാലുമാറിയാല്‍ കേന്ദ്ര ഭരണത്തെ വരെ ബാധിക്കാം. നിതീഷ് കുമാറും ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവും കൈകൊടുത്തത് കൊണ്ട് മാത്രമാണ് മൂന്നാം മോഡി സര്‍ക്കാര്‍ ഭരണത്തിലുളളത്. അതിനാല്‍ തന്നെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മാനം ഗൗരവമേറിയതാണ്.

പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും തമ്മില്‍ സീറ്റ് ധാരണയായതോടെ പ്രധാന കടമ്പ കടന്നു. ഇനി എന്‍ഡിഎയിലുള്ള ചെറിയ പാര്‍ട്ടികളെ കൂടി അനുനയിപ്പിച്ചാല്‍ മതി.

ആകെയുള്ള 243 സീറ്റുകളില്‍ ജെഡിയു 102, ബിജെപി 101 സീറ്റുകള്‍ എന്നിങ്ങനെ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 'ബിജെപിയേക്കാള്‍ കുറഞ്ഞത് ഒരു സീറ്റെങ്കിലും' കൂടുതല്‍ വേണമെന്ന നിര്‍ബന്ധം കണക്കിലെടുത്താണ് ഈ ഫോര്‍മുല.

ജെഡിയു മുന്നണിയില്‍ നിന്ന് മാറി നിന്നപ്പോഴും ബിഹാറില്‍ ബിജെപിക്ക് പിന്തുണ നല്‍കി ഒപ്പം നിന്ന ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് (റാം വിലാസ്) 20 സീറ്റുകള്‍ നല്‍കാമെന്നാണ് എന്‍ഡിഎ നേതൃത്വം പറയുന്നത്. 40 സീറ്റാണ് ചിരാഗ് ആവശ്യപ്പെടുന്നത്.

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് മല്‍സരിച്ചത്. ചെറിയ സഖ്യകക്ഷികളായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും മുകേഷ് സാഹ്നിയുടെ വിഐപിക്കും യഥാക്രമം ഏഴ്, 11 സീറ്റുകള്‍ വീതം നല്‍കിയിരുന്നു. ഇത്തവണ ചെറുപാര്‍ട്ടികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നത് എന്‍ഡിഎയ്ക്ക് തലവേദനയായിട്ടുണ്ട്.

ചിരാഗ് പസ്വാന്‍ 40 സീറ്റുകളിലാണ് കണ്ണു വെച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ 100 ശതമാനം വിജയമാണ് ചിരാകിന്റെ എല്‍ജെപിയുടെ ആവശ്യത്തിന് പിന്നില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ചിരാഗിന്റെ പാര്‍ട്ടി വിജയം നേടിയിരുന്നു. അതിനാല്‍ സീറ്റുകളുടെ എണ്ണത്തില്‍ മാന്യതയില്‍ കുറഞ്ഞതൊന്നും തന്റെ പാര്‍ട്ടി സ്വീകരിക്കില്ലെന്ന് ചിരാഗ് പാസ്വാന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മാസങ്ങളായി പാസ്വാന്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നുണ്ട്. ബിജെപിയുമായി അടുപ്പമുണ്ടെങ്കിലും നിതീഷ് കുമാറുമായുള്ള പസ്വാന്റെ ഭിന്നത ഇപ്പോഴും തുടരുകയാണ്. പാസ്വാന്‍ 40 ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, അദ്ദേഹത്തിന് 20 ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കരുതെന്നാണ് നിതീഷ് കുമാറിന്റെ നിലപാട്.

കാരണം ജെഡിയു വോട്ട് ഭിന്നിപ്പിച്ച് ബിഹാര്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് മേല്‍ക്കൈ നേടി കൊടുത്തത് പസ്വാനും കൂട്ടരുമാണ്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി 135 സീറ്റുകളില്‍ തനിച്ച് മത്സരിച്ചിരുന്നു. അന്ന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും വോട്ടുകള്‍ വിഭജിച്ചു പോയത് നിതീഷ് കുമാറിന്റെ ജെഡിയുവിന് വലിയ തിരിച്ചടിയായിരുന്നു.

വോട്ട് ചോരിയുമായി രാഹുല്‍ ഗാന്ധി ബിഹാറില്‍ ശക്തമായി പ്രചാരണം നടത്തിയതിനാല്‍ ബിജെപിയും ജെഡിയുവും വലിയ ആശങ്കയിലാണ്. തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയും ഭരണപക്ഷത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയിട്ടുണ്ട്. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ സീറ്റുനില അനുസരിച്ച് ജെഡിയുവിനേക്കാള്‍ മികച്ച ഒറ്റ കക്ഷി ബിജെപിയാണ്.

മുഖ്യമന്ത്രി കസേര ഉറപ്പായാല്‍ എങ്ങോട്ടും ചാടാന്‍ മടിക്കാത്ത നിതീഷ് കുമാറിന്റെ പ്രത്യേക 'സോഷ്യലിസ്റ്റ്' രീതികള്‍ മുന്നണിയുടെ കെട്ടുറപ്പിനേയും ബാധിച്ചിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് ശേഷമേ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎ നേതൃത്വം പ്രഖ്യാപനത്തിന് ഒരുങ്ങുകയുള്ളുവെന്നും സൂചനയുണ്ട്.

സഖ്യകക്ഷികളെ പിടിച്ച് നിര്‍ത്തുന്നതിനൊപ്പം മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്ന നേതാക്കളെ തടയുകയാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്. എന്‍ഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിനൊപ്പമാണ്.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി 40 സീറ്റെന്ന ധാരണയില്‍ മുന്നോട്ട് പോകുന്ന ബിജെപി ഒറ്റയ്ക്ക് 40 വേണമെന്ന് ആവശ്യപ്പെടുന്ന ചിരാഗിനെ എങ്ങനെ മെരുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

എല്ലാത്തിനുമുപരിയായി ബിഹാറില്‍ വീണാല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ട്. തോല്‍വിയെ തുടര്‍ന്ന് നിതീഷ് കുമാര്‍ കാലുമാറിയാല്‍ കേന്ദ്ര ഭരണത്തെ വരെ ബാധിക്കാം. നിതീഷ് കുമാറും ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവും കൈകൊടുത്തത് കൊണ്ട് മാത്രമാണ് മൂന്നാം മോഡി സര്‍ക്കാര്‍ ഭരണത്തിലുളളത്. അതിനാല്‍ തന്നെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ മാനം ഗൗരവമേറിയതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.