മണിപ്പൂരിലെ പള്ളികൾ തകർക്കപ്പെട്ടിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അപലപിച്ചില്ല; മിസോറാം ബി.ജെ.പി ഉപാധ്യക്ഷൻ രാജിവെച്ചു

മണിപ്പൂരിലെ പള്ളികൾ തകർക്കപ്പെട്ടിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അപലപിച്ചില്ല; മിസോറാം ബി.ജെ.പി ഉപാധ്യക്ഷൻ രാജിവെച്ചു

ഗുവാഹത്തി: മിസോറാം ബിജെപി ഉപാധ്യക്ഷൻ ആർ വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾ നിരന്തരം ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് രാജി. ബിജെപിയുടെ പിന്തുണയോടെയാണ് പള്ളികൾക്കെതിരായ ആക്രമണമെന്ന് ആർ വന്റാംചുവാംഗ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

മെയ് മൂന്ന് മുതൽ മണിപ്പൂരിൽ ഉടനീളം 357 ഓളം പള്ളികൾ ചാരമാക്കിയെന്നും രാജി കത്തിൽ സൂചിപ്പിക്കുന്നു. ഇതിൽ കേന്ദ്ര സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല. വിഷയത്തിൽ അപലപിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു.

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇരകളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. ഷാ മൂന്ന് ദിവസം കലാപ ബാധിത പ്രദേശങ്ങളിൽ എത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ മണിപ്പൂരിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ബിജെപി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണ്.

2011 ലെ സെൻസസ് പ്രകാരം മണിപ്പൂരിലെ ആകെ ജനസംഖ്യയുടെ 41.29 ശതമാനം ക്രിസ്ത്യാനികളാണ്. സംഘർഷം ഉണ്ടായില്ലെങ്കിൽ മണിപ്പൂരിലെ ആകെ 40 സീറ്റിൽ അഞ്ച് മുതൽ ഏഴ് സീറ്റിൽ വരെ വിജയ സാധ്യത ഉണ്ടായിരുന്നെങ്കിൽ ഇനി അത് പൂജ്യത്തിൽ ഒതുങ്ങുമെന്നും വന്റാംചുവാംഗ പറഞ്ഞു.

മണിപ്പൂർ കലാപം ആരംഭിച്ച് മൂന്നു മാസം ആയിട്ടും ഇതുവരെയും കലാപത്തെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. മെയ് മൂന്ന് മുതലുള്ള കണക്കുകൾ പ്രകാരം മണിപ്പൂരിൽ ഏകദേശം 357 ഓളം പള്ളികൾ കത്തി നശിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പലരും കുട്ടികളെ പോലും ഉപേക്ഷിച്ച് പാലായനം ചെയ്തിട്ടു പോലും പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.