ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കൂടുതല്‍ നാശം വിതച്ച ഹിമാചല്‍ പ്രദേശിന് ദുരന്ത നിവാരണത്തിനായി കേന്ദ്രം 180 കോടി അനുവദിച്ചു. ജനങ്ങള്‍ക്ക് ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് രണ്ട് ഘഡുക്കളായി വിതരണം ചെയ്യും.
പ്രളയ ബാധിത മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകള്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിലാണ്. സഹായത്തിനായി വിവിധ ആര്‍മി ഏവിയേഷന്‍ ടീമുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമുകള്‍ക്ക് രൂപം നല്‍കി. 17 ന് ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ആരംഭിക്കും.
40 വര്‍ഷത്തിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഡല്‍ഹിയില്‍ 7371 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. സിറ്റി പഹര്‍ഗഞ്ച് സോണ്‍, സെന്‍ട്രല്‍ സോണ്‍, സിവില്‍ ലൈന്‍സ് സോണ്‍, ഷഹ്ദാര നോര്‍ത്ത് സോണ്‍, ഷഹ്ദാര സൗത്ത് സോണ്‍ എന്നിങ്ങനെ അഞ്ച് സോണുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
അതേസമയം ഡല്‍ഹിക്ക് ആശ്വാസമായി യമുനയില്‍ ജലനിരപ്പ് താഴുന്നതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ജലനിരപ്പ് 207.68 അടിയായി കുറഞ്ഞു. ഇന്നലെ രാത്രി 208.02 അടിയായിരുന്നു. ഐടിഒ, രാജ്ഘട്ട് പോലുള്ള ഇടങ്ങളില്‍ നിന്നും വെള്ളം നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. ജലനിരപ്പ് 207.7 അടിയിലും കുറഞ്ഞാല്‍ വസീറാബാദ്, ചന്ദ്രവാള്‍ എന്നിവിടങ്ങളിലെ ജലശുദ്ധീകരണ ശാലകള്‍ തുറക്കാമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
നഗര മേഖലയിലെ വെള്ളം ഇന്ന് ഇറങ്ങിത്തുടങ്ങുമെങ്കിലും ജനജീവിതം സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കും. ഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഹിമാചല്‍ പ്രദേശില്‍ മഴ ശക്തമായാല്‍ യമുനയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.