ന്യൂയോര്‍ക്ക്: ക്രൈസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള 'സൗണ്ട് ഓഫ് ഫ്രീഡം' എന്ന ചിത്രം അമേരിക്കന്‍ തിയറ്ററുകളില്‍ വന്‍കിട സിനിമകളെ മറികടന്ന് വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ച ജിം കവിയേസലാണ് സൗണ്ട് ഓഫ് ഫ്രീഡത്തിലെ നായകന്‍. ഡിസ്‌നി അടക്കമുള്ള വമ്പന്‍ വിതരണ കമ്പനികള്‍ അവഗണിച്ച സിനിമയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ദൈവത്തിന്റെ അത്ഭുത പ്രവൃത്തിയായിട്ടാണ് സംവിധായകരില്‍ ഒരാളും പ്രോ-ലൈഫ് ആക്ടിവിസ്റ്റുമായ എഡ്വേര്‍ഡോ വെരാസ്റ്റെഗുയി കാണുന്നത്.
'സൗണ്ട് ഓഫ് ഫ്രീഡം' തിയേറ്ററുകളിലെത്തി ഒമ്പത് ദിവസം പിന്നിടുമ്പോള്‍ നാലു ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് അദ്ദേഹം കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ ജിം കവിയേസൽ
മനുഷ്യക്കടത്തിനെതിരേ പ്രതികരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമയാണ് 'സൗണ്ട് ഓഫ് ഫ്രീഡം'. എഡ്വേര്‍ഡോ വെരാസ്റ്റെഗുയി, അലജാന്‍ഡ്രോ മോണ്ടെവെര്‍ഡെ എന്നീ സംവിധായകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'സൗണ്ട് ഓഫ് ഫ്രീഡം' റിലീസ് ദിനത്തില്‍ ഡിസ്നിയുടെ 'ഇന്ത്യാന ജോണ്‍സ്' പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ ഡയല്‍ ഓഫ് ഡെസ്റ്റിനി'യെ പിന്തള്ളി ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതെത്തിയിരുന്നു.
അമേരിക്കന്‍ ഫെഡറല്‍ ഏജന്റ് ടിം ബല്ലാര്‍ഡ് മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലൈംഗിക ദുരുപയോഗത്തിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹിയായ ടിം ബല്ലാര്‍ഡിന്റെ യഥാര്‍ത്ഥ കഥയാണ് 'സൗണ്ട് ഓഫ് ഫ്രീഡം'.
വമ്പന്‍ നിര്‍മാണ കമ്പനികള്‍ വിതരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എഡ്വേര്‍ഡോ വെളിപ്പെടുത്തി. ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ സൗണ്ട് ഓഫ് ഫ്രീഡത്തിന്റെ വിതരണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഈ സിനിമ കച്ചവട സിനിമയല്ല എന്നതായിരുന്നു അവരുടെ എതിര്‍പ്പിന് കാരണം. കുട്ടികളെ കടത്തുന്നതിനെക്കുറിച്ചുള്ള സിനിമ കാണാന്‍ ആളുണ്ടാകില്ലെന്ന് അവര്‍ അവകാശപ്പെട്ടു. ഞങ്ങള്‍ക്കു മുന്നില്‍ പല വാതിലുകളും അടഞ്ഞു. ഈ അവഗണന നേരിടുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് വഴികളുണ്ടായിരുന്നത് - ഒന്നുകില്‍ സിനിമ ഉപേക്ഷിക്കുക, അല്ലെങ്കില്‍ എല്ലാ വെല്ലുവിളികളും നേരിട്ട് മുന്നോട്ടു പോകുക.
എട്ട് വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഏഞ്ചല്‍ സ്റ്റുഡിയോസ് മുന്നോട്ടുവന്നു. ഇതോടെയാണ് ചിത്രം വെളിച്ചം കണ്ടത്. വേനല്‍ക്കാലത്തെ സര്‍പ്രൈസ് ഹിറ്റ് എന്നാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിത്രത്തിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. 'നമ്മുടെ കാലത്തെ ക്രിമിനല്‍ ഭീകരതകളിലൊന്നിലേക്ക് ആധികാരികമായി വെളിച്ചം വീശുന്ന ശ്രദ്ധേയമായ സിനിമ' എന്നാണ് ഒരു സിനിമാ നിരൂപകന്‍ അഭിപ്രായപ്പെട്ടത്.
റിലീസ് ദിനത്തില്‍ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റ്
'അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അന്നുതന്നെ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തെത്തി. സിനിമയുടെ വിജയം ഒരു വലിയ അത്ഭുതമാണ്. കാരണം തങ്ങള്‍ സിനിമാ മേഖലയിലെ വലിയവരുമായാണ് മത്സരിച്ചത്'.
'ലൈംഗികതയ്ക്കായി കുട്ടികളെ കടത്തുന്നത് ആധുനിക കാലത്തെ അടിമത്തത്തിന്റെ രൂപമാണ്. സ്ഥിതിവിവരക്കണക്കുകള്‍ നോക്കുമ്പോള്‍ ലൈംഗികതയ്ക്കായി കുട്ടികളെ കടത്തുന്നതില്‍ ഏറ്റവും മുന്നിലുള്ള അമേരിക്കയുടെ മനസാക്ഷിയെ മുറിവേൽപ്പിക്കുന്നതാണ് സിനിമ.
അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. നുണകളുടെയും ആക്രമണങ്ങളുടെയും ലോകത്ത്, സത്യം അതിന്റെ വഴിയൊരുക്കുന്നു, ഒന്നാം സ്ഥാനം നേടുന്നു, കാരണം സാര്‍വത്രിക നുണകളുടെ കാലത്ത്, സത്യം പറയുക എന്നത് വിപ്ലവകരമായ പ്രവൃത്തിയാണ്' - എഡ്വേര്‍ഡോ പറഞ്ഞു.
'ഈ സിനിമ ഒരു വിപ്ലവകരമായ പ്രവൃത്തിയാണ്. ദശലക്ഷക്കണക്കിന് കുട്ടികളാണ് അടിമകളാക്കപ്പെടുന്നത്. മനുഷ്യക്കടത്ത് പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വലിയ ക്രൂരതയാണ്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 50 ദശലക്ഷത്തിലധികം അടിമകളുണ്ട്. ഏറ്റവും കൂടുതല്‍ അടിമകളുള്ള മനുഷ്യചരിത്രത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഞങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല.
റിലീസ് തീയതിയുടെ പ്രാധാധ്യം
സിനിമ റിലീസ് ചെയ്യാന്‍ ജൂലൈ 4 തെരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 'ഇത് സ്വാതന്ത്ര്യത്തിന്റെ ദിവസമാണ്, ഈ സിനിമയുടെ സന്ദേശത്തോടു ചേര്‍ന്നു നില്‍ക്കുന്ന ദിവസമാണിത്. ഇതൊരു വലിയ വെല്ലുവിളി ആയിരുന്നു. കാരണം 300 മില്യണ്‍ ഡോളര്‍ ചെലവിട്ട സിനിമയുമായിട്ടാണ് തങ്ങള്‍ മത്സരിച്ചത്'.
2,600 തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂവെങ്കിലും, ആദ്യദിനം 4,600 തിയേറ്ററുകളില്‍ റിലീസ് ചെയ്ത 'ഇന്ത്യാന ജോണ്‍സ്' എന്ന സിനിമയെ മറികടക്കാന്‍ സൗണ്ട് ഓഫ് ഫ്രീഡത്തിന് കഴിഞ്ഞു. കൂടാതെ, ജൂലൈ നാലിന് സൗണ്ട് ഓഫ് ഫ്രീഡം 14 ദശലക്ഷം ഡോളര്‍ നേടിയപ്പോള്‍ ഡിസ്‌നി ചിത്രം നേടിയത് 11 ദശലക്ഷം ഡോളറാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.