വത്തിക്കാന്‍ സിറ്റി: കൊല്‍ക്കൊത്തയുടെ തെരുവുകളെ സ്‌നേഹിച്ച് സ്വന്തമാക്കിയ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഡോക്യുമെന്ററി ചിത്രം 'ദ മിറക്കിള്‍സ് ഓഫ് മദര്‍ തെരേസ: ഡോണ്‍ ഇന്‍ കല്‍ക്കട്ട' അമേരിക്കയിലും പ്രദര്‍ശനത്തിനെത്തി. സ്‌പെയിനിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നേരത്തേ ചിത്രം പ്രദര്‍ശിപ്പിക്കുകയും വന്‍ സ്വീകരണം ലഭിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ വിശുദ്ധരുടെ ജീവിതങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് മരിയ സവാളയാണ് ചിത്രത്തിന്റെ സംവിധായകന്‍.
മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദര്‍ തെരേസയെ സംബന്ധിച്ചും മദര്‍ ദരിദ്രരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പറ്റിയും നേരിട്ട് അറിയാവുന്ന ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
വ്യക്തികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും മാനസാന്തരങ്ങള്‍ സാധ്യമാക്കാനും മദര്‍ തെരേസയ്ക്ക് കൊല്‍ക്കൊത്തയില്‍ ഉണ്ടായിരുന്ന സ്വാധീനവും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
ഈ ചിത്രം ജീവനും കുടുംബ മൂല്യങ്ങളും സംരക്ഷിക്കുന്നതിനെയും ദൈവത്തിന് നമ്മുടെ ഹൃദയങ്ങളില്‍ എങ്ങനെ കേന്ദ്ര സ്ഥാനം നല്‍കണമെന്നതിനെപ്പറ്റിയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഇന്റര്‍നാഷണല്‍ കാത്തലിക്ക് ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷന്‍ ഗാബി ജാക്കോബ പറഞ്ഞു.
കാരുണ്യ വഴികളിലൂടെയുള്ള ജീവിതത്തിലൂടെ ആഗോള ശ്രദ്ധ നേടിയ മദര്‍ തെരേസ 1997 സെപ്റ്റംബര്‍ അഞ്ചിനാണ് അന്തരിച്ചത്. 2016 സെപ്റ്റംബര്‍ നാലിനാണ് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.