ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇവരെ സമീപത്തെ വയലില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുക്കി ഗോത്ര സംഘടന ആരോപിച്ചു.
മെയ് നാലിന് തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്തേയി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.
വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഐടിഎല്‍എഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വര്‍ഗ കമ്മീഷനിലും പരാതി നല്‍കി.
ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ മെയ് നാല് മുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്തേയി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 140 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
കലാപം തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിഞ്ഞിട്ടില്ല. മണിപ്പൂരില്‍ നിന്നെത്തിയ പ്രതിപക്ഷ പാര്‍ട്ടികളെ കാണാന്‍ മോഡി കൂട്ടാക്കിയില്ല. സംഘര്‍ഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വ കക്ഷിയോഗം വിളിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.