അമേരിക്കന്‍ നാവിക സേനാ തലപ്പത്തേക്ക്‌ ആദ്യമായി വനിത; ചരിത്രം കുറിക്കാന്‍ അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റി

അമേരിക്കന്‍ നാവിക സേനാ തലപ്പത്തേക്ക്‌ ആദ്യമായി വനിത; ചരിത്രം കുറിക്കാന്‍ അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റി

വാഷിങ്ടണ്‍: അമേരിക്കയില്‍ ചരിത്രം കുറിച്ച് നാവികസേനയുടെ മേധാവിയായി വനിതയെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി നിയമിച്ചത്. ലിസയുടെ 38 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നല്‍കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. നിലവില്‍ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനം അനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി.

'38 വര്‍ഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏല്‍പ്പിക്കുകയാണ്. കരിയറിലുടനീളം ലിസ ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാവിക ഓപ്പറേഷന്‍സ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ'- ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡന്‍ പ്രതികരിച്ചു. അതേസമയം, നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്.

ലോകം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നാവികസേനയായി ലിസയുടെ നേതൃത്വത്തില്‍ യുഎസ് നാവികസേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

1985ലാണ് ലിസ സേനയില്‍ എത്തുന്നത്. ദക്ഷിണ കൊറിയയിലെ യുഎസ് നാവിക ഓപ്പറേഷനുകളുടെ കമാന്‍ഡറായി ജോലി ചെയ്തു. യുഎസ് നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അഡ്മിറല്‍ മൈക് ഗില്‍ഡെയുടെ പിന്‍ഗാമിയായാണ് ലിസയുടെ നിയമനം. അടുത്ത മാസമാണ് അദ്ദേഹത്തിന്റെ നാലു വര്‍ഷ കാലാവധി പൂര്‍ത്തിയാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.