പ്രതിരോധ ഇടപാടിലെ അഴിമതി തെളിയിക്കാനായില്ല; മാനനഷ്ട കേസില്‍ തെഹല്‍ക്ക ടീമിന് രണ്ടുകോടി പിഴ

പ്രതിരോധ ഇടപാടിലെ അഴിമതി തെളിയിക്കാനായില്ല; മാനനഷ്ട കേസില്‍ തെഹല്‍ക്ക ടീമിന് രണ്ടുകോടി പിഴ

ന്യൂഡല്‍ഹി: മാനനഷ്ട കേസില്‍ തെഹല്‍ക്ക ഡോട്ട് കോമിനും മുന്‍ എഡിറ്റര്‍ ഇന്‍-ചീഫ് തരുണ്‍ തേജ്പാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും രണ്ടുകോടി പിഴ ചുമത്തി ഡല്‍ഹി ഹൈകോടതി. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഒളികാമറയിലൂടെ പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്ന സംഭവത്തില്‍ മേജര്‍ ജനറല്‍ എം.എസ്. അഹ്ലുവാലിയ നല്‍കിയ പരാതിയിലാണ് 22 വര്‍ഷത്തിന് ശേഷം കോടതിയുടെ വിധി.

തെഹല്‍ക്ക ഡോട്ട് കോം, ഉടമകളായ ബഫല്ലോ കമ്യൂണിക്കേഷന്‍സ്, തരുണ്‍ തേജ്പാല്‍, റിപ്പോര്‍ട്ടര്‍മാരായ അനിരുദ്ധ ബഹല്‍, മലയാളിയായ മാത്യു സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് പിഴ അടക്കണമെന്നാണ് ഉത്തരവ്. കോടതി ചെലവും നല്‍കണം. അഹ്ലുവാലിയ സൈനിക സാമഗ്രി ഇറക്കുമതി ഇടപാടുകളിലെ ഇടനിലക്കാരനാണെന്നും 50,000 രൂപ കോഴ വാങ്ങിയെന്നും 'ഓപറേഷന്‍ വെസ്റ്റ് എന്‍ഡ്' എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ തെഹല്‍ക്ക ആരോപിച്ചിരുന്നു. ഇത് തെളിയിക്കാന്‍ തെഹല്‍ക്കക്ക് സാധിച്ചില്ല.

ലണ്ടനിലെ ഒരു കമ്പനിയുടെ സൈനിക സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ നേടാന്‍ സഹായിക്കണമെന്ന ആവശ്യവുമായാണ് തെഹല്‍ക്ക ടീം അഹ്ലുവാലിയയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ഉള്ളടക്കവും വിഡിയോയും തെഹല്‍ക്ക പുറത്തുവിട്ടു. റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ 50,000 രൂപ അഹ്ലുവാലിയക്ക് നല്‍കിയതായും അതില്‍ ഉണ്ടായിരുന്നു.

പ്രതിരോധ ഇടപാടുകളിലെ ക്രമക്കേട് പുറത്തു കൊണ്ടുവരുകയെന്ന പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഒളികാമറ പ്രവര്‍ത്തനം നടത്തിയതെന്ന് തെഹല്‍ക്ക വാദിച്ചു. എന്നാല്‍, അതിന്റെ പേരില്‍ തെറ്റായ പ്രസ്താവന നടത്തി ജനങ്ങള്‍ക്കിടയില്‍ വൈകാരികത സൃഷ്ടിക്കാന്‍ തെഹല്‍ക്കക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.