കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെ. സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു. മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും.
2017 നവംബർ 30ന് പ്രസവ ശസ്ത്രക്രിയ നടന്ന ശേഷം ഹർഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയിൽ കുത്തി നിൽക്കുന്ന നിലയിൽ കത്രികയുമായി യുവതി അഞ്ച് വർഷം വേദന തിന്നു. 12 സെൻറിമീറ്റർ നീളവും 6 സെൻറിമീറ്റർ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയിൽ മുഴ ഉണ്ടായി.
വേദന മാറാൻ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.