തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയെ കൊണ്ട് പരാതി എഴുതിപ്പിച്ച് സി.ബി.ഐക്ക് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സോളാര്‍ കേസില്‍ മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും അദേഹം വരുത്തിയിട്ടില്ല. അതിനാല്‍ തന്നെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതായി ആരോപിച്ചു.
മതിവരാഞ്ഞാണ് ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കുന്നതിന് വേണ്ടി പിണറായി വിജയന്‍ ആരോപണ വിധേയയായ സ്ത്രീയെ വിളിച്ച് വരുത്ത് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ടതെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
വന്ദ്യവയോധികനും ഏഴ് കൊല്ലം മുഖ്യമന്ത്രിയുമായിരുന്ന ആള്‍ക്കെതിരെ ഗൂഡാലോചന നടത്തി ഉന്നയിച്ച ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ട് എന്തായെന്ന് അദേഹം ഉന്നയിച്ചു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് തന്നെയാണ് അത് പറഞ്ഞതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
53 കൊല്ലം ഉമ്മന്‍ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മാനം കാക്കാന്‍ മത്സരിക്കുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും നയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.